വീട്ടമ്മയുടെ കൊലപാതകം: ബന്ധു അറസ്റ്റില്‍

കൊട്ടാരക്കര: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. എഴുകോണ്‍ കടയ്ക്കാട്  ഗുരുമന്ദിരത്തിനു സമീപം പ്രഭാ മന്ദിരത്തില്‍ അനുപിന്റെ ഭാര്യ ബിന്ദുലേഖ(40) യുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുവായ എഴുകോണ്‍ ഇടക്കോട് വിനോദ് ഭവനില്‍ ബിനുവി(39) നെയാണ് പോലിസ് അറസ്റ്റ് ചെയ്തു.  കൊല്ലം റൂറല്‍ പോലിസ് മേധാവി ബി അശോകന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഷാഡോ പോലിസാണ് പ്രതിയെ പിടികൂടിയത്. ഈ മാസം നാലിന് രാവിലെ കിടപ്പു മുറിയില്‍ മരണപ്പെട്ട നിലയിലാണ് ബിന്ദുലേഖയുടെ മൃതദേഹം കാണപ്പെട്ടത്. കഴുത്തിലും മുഖത്തും കാണപ്പെട്ട നിറവ്യത്യാസത്തില്‍ സംശയം തോന്നിയ പോലിസ്, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ബിന്ദുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചത്.തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിയുടേയും, കൊട്ടാരക്കര ഡിവൈഎസ്പി ജെ ജേക്കബിന്റെയും മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ-  മരണപ്പെട്ട ബിന്ദുലേഖയുടെ ഭര്‍ത്താവ് അനൂപിന്റെ അകന്ന ബന്ധുവാണ്  പ്രതിയായ ബിനു. ബിന്ദുവിന്റെ വീട്ടില്‍ രാത്രികാലങ്ങളില്‍ ഇയാള്‍ രഹസ്യ സന്ദര്‍ശനം നടത്തുന്നുണ്ടായിരുന്നു.  സംഭവ ദിവസം രാത്രി 10 ഓടുകൂടി ബിന്ദുവിന്റെ വീട്ടുകാര്‍ ഉറങ്ങിയതിന് ശേഷം വീട്ടിലെത്തിയ പ്രതി കിടപ്പുമുറിയില്‍ വച്ച് സാമ്പത്തിക ഇടപാടിന്റെ തര്‍ക്കത്തെ തുടര്‍ന്ന് ബിന്ദുവിനെ കൈകൊണ്ട് കഴുത്തിലും വായിലും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇതിന് ശേഷം കട്ടിലില്‍ കിടത്തി പുതപ്പുകൊണ്ട് മൂടിയ ശേഷം അടുക്കള വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. കേരളപുരത്തുള്ള ഒരു ഫര്‍ണീച്ചര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രതി. ഇയാള്‍  എഴുകോണ്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ എട്ടോളം മോഷണക്കേസുകളിലെ പ്രതിയാണ്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതി തന്റെ ഇളയ സഹോദരനും നിരവധി സ്പിരിറ്റ്, അബ്കാരി കേസുകളിലെ പ്രതിയുമായ വിനിഷില്‍ നിന്നും പണം കൈപറ്റി നാട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഷാഡോ പോലിസിന്റെ പിടിയിലാകുന്നത്. ഷാഡോ പോലിസ് എസ്‌ഐ എസ്ബിനോജ്, ജിഎസ്‌ഐ ശിവശങ്കരപിള്ള, എഎസ്‌ഐമാരായ ഷാജഹാന്‍, എസി ബി അജയകുമാര്‍, എസ്‌സിപിഒ മാരായ ആഷീര്‍ കൊഹൂര്‍, കെ കെ രാധാകൃഷ്ണപിള്ള, അഡീഷനല്‍ എസ്‌ഐമാരായ രാജശേഖരന്‍, തമ്പികുട്ടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൊട്ടാരക്കര ജുഡിഷ്യല്‍ ഫസ്റ്റ്  ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top