വീടു കയറി ആക്രമണം: പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും

തൃശൂര്‍: പെയിന്റിംഗ് ജോലിക്കാരനായ പ്രതിയെ ജോലിയില്‍ നിന്നും ഒഴിവാക്കിയതിന്റെ വൈരാഗ്യത്തില്‍ വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കൊണ്ട് മുഖത്തും നെഞ്ചിലും കുത്തി പരുക്കേല്‍പ്പിച്ചയാള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴ ഒടുക്കാനും സെഷന്‍സ് കോടതി വിധി. പരിയാരം വില്ലേജില്‍ തവളപ്പാറ ദേശത്ത് ചെറയന്‍ പറമ്പില്‍ വര്‍ഗ്ഗീസിനെ(53)തിരെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ ഷൈന്‍ ശിക്ഷ വിധിച്ചത്.
പരിയാരം വില്ലേജില്‍ ഇലഞ്ഞിക്കല്‍ കുഞ്ഞുവറീതിന്റെ  മകന്‍ ജോണിയെയാണ്(50) പ്രതി വീട്ടില്‍ കയറി ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. 2015 ഫെബ്രുവരി 13 ന് രാത്രി എട്ട്  മണിയോടെയായിരുന്നു സംഭവം . ചാലക്കുടി പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന എന്‍ ജി ശശീന്ദ്രന്‍, ടി പി ഫര്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ശ്രമിച്ചതിന് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 12 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകള്‍ ഹാജരാക്കി.  പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി, അല്‍ജോ പി ആന്റണി എന്നിവര്‍ ഹാജരായി.

RELATED STORIES

Share it
Top