വീടുനിര്‍മാണത്തിന്റെ മറവില്‍ അനധികൃത മണ്ണെടുപ്പ്; വില്ലേജ് അധികൃതര്‍ തടഞ്ഞു

തൃപ്രയാര്‍: തൃപ്രയാറില്‍ വീടുനിര്‍മാണത്തിന്റെ മറവില്‍ അനധികൃതമായി മണ്ണെടുപ്പ് നടത്തിയ ഉടമയുടെ നീക്കം നാട്ടിക വില്ലേജ് അധികൃതര്‍ തടഞ്ഞു. തൃപ്രയാര്‍ ക്ഷേത്രം ചെമ്മാപ്പിള്ളികടവ് റോഡിന് സമീപം തെക്കൂട്ട് മനോജ് മേനോന്‍, ഭാര്യ സ്മിത മനോജ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് മണ്ണെടുപ്പ് നടന്നത്. കഴിഞ്ഞ ഏതാനും ദിവസമായി വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് ഇവിടെ മണ്ണെടുപ്പ് തുടങ്ങിയിരുന്നു. മണ്ണുമാന്തിയന്ത്രവും,ജെസിബിയും ഉപയോഗിച്ചായിരുന്നു മണ്ണെടുപ്പ്. കുഴിച്ചെടുത്ത മണ്ണിന്റെ എതാനുംഭാഗം ടിപ്പര്‍ലോറി ഉപയോഗിച്ച് സമീപത്തെ നീര്‍ത്തടം നികത്തുകയും ചെയ്തിരുന്നു. സബ്കലക്ടര്‍ ഡോ. രേണു രാജാണ് മണ്ണെടുപ്പ് ഉടന്‍ തടയാനും, വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നുമുള്ള നിര്‍ദ്ദേശം നാട്ടിക വില്ലേജ് ഓഫിസര്‍ക്ക് നല്‍കിയത്. സബ്കലക്ടറുടെ നിര്‍ദ്ദേശം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ വില്ലേജ് ഓഫിസര്‍ കെ ആര്‍ സൂരജിന് സ്ഥലത്ത് വന്‍തോതില്‍ മണ്ണെടുപ്പ് നടത്തുന്നുണ്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ അദ്ദേഹം കോണ്‍ട്രാക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീടുനിര്‍മാണത്തിന് അനുമതി ഉണ്ടായിരുന്നെങ്കിലും ജിയോളജി വകുപ്പിന്റെ അനുമതി ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല. അനധികൃത മണ്ണെടുപ്പ് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ സ്ഥലത്തിന്റെ ചിത്രങ്ങള്‍ സഹിതം സബ്കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കളിമണ്ണ് ചേര്‍ന്ന മണ്ണിനുപകരം നല്ലമണ്ണ് നിക്ഷേപിച്ച് അടിത്തറ നിര്‍മിക്കുകയാണ് ഉദ്ദേശിച്ചതെന്ന് കോണ്‍ട്രാക്ടര്‍ പറഞ്ഞെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. കൂടാതെ കുഴിച്ചെടുത്ത മണ്ണ് അവിടെതന്നെ നിക്ഷേപിക്കുമെന്നും ഇവര്‍ അധികൃതരോട് പറയുകയും ചെയ്തു. പിന്നീട് വില്ലേജ് ഓഫിസര്‍ അറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ വലപ്പാട് പോലിസ് സ്ഥലത്തുണ്ടായിരുന്ന മണ്ണു മാന്തിയന്ത്രം, രണ്ടു ടിപ്പര്‍ലോറി, ജെസിബി എന്നിവ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ ഐ എ ഷിനോദ്, ഫീല്‍ഡ് അസിസ്റ്റന്റ് പി കെ അഭിലാഷ് എന്നിവരും നടപടികള്‍ക്കായി സ്ഥലത്തെത്തിയിരുന്നു.

RELATED STORIES

Share it
Top