വീടുകളില്‍ അമ്പതോളം പവന്‍ മോഷണം: സുഹൃത്തുക്കള്‍ അറസ്റ്റില്‍

തൃശൂര്‍: നിരവധി വീടുകളിലെ വാതിലുകള്‍ തകര്‍ത്ത് അകത്തുകടന്ന് 50ഓളം പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത കേസുകളില്‍ പ്രതികളായ യുവാക്കളെ തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ജി എച്ച് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംബ്രാഞ്ച് സംഘവും ഒല്ലൂര്‍ പോലിസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളായ തൃശൂര്‍ നെല്ലിക്കുന്ന് കുറ സ്വദേശി അറക്കല്‍ വീട്ടില്‍ ഷാജഹാന്‍ (37), തൃശൂര്‍ കാളത്തോട് കൃഷ്ണാപുരം സ്വദേശി ഇരിങ്ങക്കോട്ടില്‍ വീട്ടില്‍ അനീഷ് എന്നറിയപ്പെടുന്ന അഷ്‌റഫ് അലി (36) എന്നിവരാണ് പോലിസിന്റെ പിടിയിലായത്.
ഒല്ലൂര്‍ പൊന്നൂക്കരയിലുള്ള പണിക്കാട്ട് വീട്ടില്‍ ഡോണ്‍ രാജും കുടുംബവും കഴിഞ്ഞ ജൂണ്‍ 13ന് വൈകീട്ട് ഡോക്ടറെ കാണുന്നതിനായി വീടുപൂട്ടി പുറത്തേക്ക് പോവുകയും ഡോക്ടറെ കണ്ടതിനു ശേഷം രാത്രി 8.30ന് തിരിച്ചെത്തിയ സമയത്ത് വീടിന്റെ വാതിലുകളും അലമാരകളും തകര്‍ത്ത നിലയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 32ഓളം പവന്‍ സ്വര്‍ണാഭരണങ്ങളും വിലകൂടിയ സാധനങ്ങളും മോഷണം പോയതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. മോഷണവിവരത്തെ തുടര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുകയും ഒല്ലൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. നാലു മാസത്തോളമായ അന്വേഷണത്തിനൊടുവിലാണ് തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് സംഘം പ്രതികളെ പിടികൂടുന്നത്.
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ നിരവധി വീടുകളുടെ വാതിലുകളും മറ്റും തകര്‍ത്ത് മോഷണം നടത്തിയതായി അറിയാന്‍ കഴിഞ്ഞു. പെരുമ്പിളിശ്ശേരി സ്വദേശി ബാലകൃഷ്ണന്റെ വീട്, ഒല്ലൂക്കര ശ്രേയസ്സ് നഗറില്‍ കാടംപറമ്പില്‍ അബ്ദുയുടെ വീട്, എടതിരുത്തിയിലുള്ള ബ്രഹ്മകുളം വീട്ടില്‍ ജോണിയുടെ വീട്, കുന്നംകുളം ചിറമങ്ങനാട് ആയുര്‍വേദ ഡോക്ടറായ മാരായിക്കുന്നത്ത് സലീമിന്റെ വീട് എന്നിവിടങ്ങളില്‍ മോ ഷണം നടത്തിയതായി പ്രതികളായ ഷാജഹാനും അനീഷും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.
അറസ്റ്റിലായ നെല്ലിക്കുന്ന് സ്വദേശിയായ ഷാജഹാന്‍ നേരത്തേ ഗള്‍ഫില്‍ ജോലിയിലായിരുന്നു. ഗള്‍ഫിലെ ജോലിയില്‍ നിന്നു വരുമാനം കുറവാണെന്നു പറഞ്ഞു നാട്ടില്‍ തിരികെയെത്തി. പിന്നീട് ആഡംബര ജീവിതത്തിനു പണം തികയാതെ വന്നപ്പോള്‍ സുഹൃത്തായ അനീഷ് എന്നറിയപ്പെടുന്ന അഷ്‌റഫ് അലിയുമായി ചേര്‍ന്ന് മോഷണങ്ങള്‍ക്ക് പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. അറസ്റ്റിലായ ഇരുവരും ഇതുവരെ പോലിസിന്റെ പിടിയിലായിട്ടില്ല.

RELATED STORIES

Share it
Top