വീടുകളില്ലാത്ത മല്‍സ്യത്തൊഴിലാളികള്‍ക്ക് ഫ്‌ളാറ്റുകള്‍ ഒരുങ്ങുന്നു

പൊന്നാനി: ഭവന രഹിതരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് പൊന്നാനിയില്‍ ഫ്‌ളാറ്റ് സമുച്ചയമൊരുങ്ങുന്നു. നഗരസഭാ പരിധിയിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഫ്‌ളാറ്റ് നിര്‍മിക്കുന്നത്. കടലാക്രമണത്തില്‍ വീടും, സ്ഥലവും നഷ്ടമാവുകയും, കടലാക്രമണ ഭീഷണി നേരിടുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും വേണ്ടിയാണ് ഫഌറ്റ് നിര്‍മിക്കുന്നത്.
ഫിഷറീസ് വകുപ്പിന് കീഴിലാണ് പദ്ധതി യാഥാര്‍ഥ്യമാവുക. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്പീക്കറുടെ ചേമ്പറില്‍ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.  ഇതിനായി പൊന്നാനി അഴിമുഖം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പഴയ ഐസ് പ്ലാന്റ് സ്ഥലം കണ്ടെത്തുകയും ചെയ്തു.
കാടുമൂടിക്കിടക്കുന്ന 90 സെ ന്റ് സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. സ്ഥല വിസ്തീര്‍ണത്തിന്റെ കാര്യത്തില്‍ സംശയമുള്ളതിനാല്‍ ഈ സ്ഥലം സര്‍വേ നടത്തി തിട്ടപ്പെടുത്തിയ ശേഷമായിരിക്കും ഇവിടെ ഫഌറ്റ് നിര്‍മിക്കുക. തീരത്ത് നിന്നും 50 മീറ്ററിനുള്ളിലുള്ള ഭവന രഹിതരായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കള്‍.
പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ഫിഷറീസ് വകുപ്പ്് അധികൃതരും, തീരദേശ വികസന കോര്‍പ്പറേഷന്‍ അധികൃതരും സ്ഥലം സന്ദര്‍ശിച്ചു. അന്‍പതോളം ഫഌറ്റുകളുള്ള സമുച്ചയം നിര്‍മിക്കാനാണ് പ്രാഥമിക ധാരണയായിട്ടുള്ളത്.
ഇതു കൂടാതെ സുനാമി പുനരധിവാസ കോളനിയിലെ വീടുകള്‍ വാസയോഗ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഡിഎംആര്‍സി തയ്യാറാക്കിയ റിപോര്‍ട്ട് സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചിരുന്നു. 120 വീടുകളില്‍ 90 വീടുകള്‍ പ്രാഥമിക ഘട്ടത്തില്‍ വാസയോഗ്യമാക്കും. ഒരു വീട് പുനര്‍നിര്‍മിക്കുന്നതിന് നാലു ലക്ഷം രൂപ വീതം 3.60 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇത് ഇപ്പോള്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. കൂടാതെ തീരദേശത്തെ കുടുംബങ്ങളുടെ പുനരധിവാസത്തിനായി പത്ത് ലക്ഷം രൂപ നല്‍കുന്ന പദ്ധതിയും നടക്കുന്നുണ്ട്.

RELATED STORIES

Share it
Top