വീടുകളിലെ കറുത്ത സ്റ്റിക്കറുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: വീടുകളില്‍ അജ്ഞാതര്‍ കറുത്ത സ്റ്റിക്കറുകള്‍ പതിക്കുന്നുവെന്ന പ്രചാരണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ റേഞ്ച് ഐജിമാരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രത്യേക തരത്തിലുള്ള ചില സ്റ്റിക്കറുകള്‍ അജ്ഞാത വ്യക്തികള്‍ വീടുകളില്‍ പതിക്കുന്നുവെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തി ല്‍ പെട്ടവരാണ് ഇതിനു പിന്നിലെന്നും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ ഏതാനും ചില വീടുകളിലാണ് ഇത്തരം കറുത്ത സ്റ്റിക്കറുകള്‍ പതിച്ചിട്ടുള്ളതായി ശ്രദ്ധയില്‍ പെട്ടത്. ഇത്തരമൊരു സാഹചര്യം കഴിഞ്ഞ വര്‍ഷം വടക്കന്‍ കേരളത്തില്‍ ഉണ്ടായിരുന്നു. അതേത്തുടര്‍ന്ന് ജില്ലകളിലെ എല്ലാ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന പ്രാഥമികാന്വേഷണത്തില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമായതാണ്. സമീപ ദിവസങ്ങളില്‍ ചില വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിച്ചതായി ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡിജിപി സംസ്ഥാനത്തെ എല്ലാ പോലിസ് സ്‌റ്റേഷനുകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കും സൈബര്‍ സെല്ലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീതിയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ആശങ്കകള്‍ ആരെങ്കിലും അറിയിച്ചാല്‍ എത്രയും വേഗം അന്വേഷണവും നടപടികളും ഉണ്ടാവണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, ജനാലകളില്‍ കണ്ടെത്തിയ കറുത്ത സ്റ്റിക്കറുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഡിജിപിയുടെ നേതൃത്വത്തില്‍ കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ റേഞ്ച് ഐജിമാര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സമൂഹമാധ്യമങ്ങളില്‍ ഭീതിയുണ്ടാക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചും അന്വേഷിക്കും. നിലവിലെ സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

RELATED STORIES

Share it
Top