വീടുകയറി ആക്രമണം: വീട്ടമ്മയ്ക്കും പന്ത്രണ്ടുകാരനും പരിക്ക്

ആലുവ: വീടുകയറിയുള്ള ആക്രമണത്തില്‍ പരിക്കേറ്റ പന്ത്രണ്ടുകാരനെയും വീട്ടമ്മയെയും ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കല്‍ പള്ളിപ്പുറത്ത് വീട്ടില്‍ സുനില്‍കുമാറിന്റെ മകന്‍ ഭഗത് കൃഷ്ണ(12), മാതൃസഹോദരി ഷൈനി(34)എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. എഐവൈഎഫ് പ്രവര്‍ത്തകനായ ചാലക്കല്‍ കരിങ്ങാലിപുരയിടം വീട്ടില്‍ രമേശാണ് ആക്രമണം നടത്തിയതെന്ന് പരാതി. വെള്ളിയാഴ്ച രാത്രി 9നായിരുന്നു സംഭവം. ഭഗത്കൃഷ്ണ വീടിന് അധികം ദൂരത്തല്ലാത്ത അമ്മവീട്ടില്‍ എത്തിയതായിരുന്നു. ഭഗത്കൃഷ്ണയുടെ അമ്മ രജനിയുടെ ഇളയ സഹോദരി ഷൈനിയും അവധിക്കാലമായതിനാല്‍ സ്വന്തം വീട്ടില്‍ എത്തിയിരുന്നു. ഷൈനിയുടെ അമ്മവീട്ടുകാരും അയല്‍വാസികൂടിയായ രമേശും തമ്മില്‍ നാളുകളായി അതിര്‍ത്തി സംബന്ധിച്ച് ചില തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതേച്ചൊല്ലി രമേശ് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പറയുന്നു. വെള്ളിയാഴ്ച രാത്രി രമേശ് ഷൈനിയുടെ അമ്മ ഓമനയെ തെറിവിളിച്ചത് ഷൈനി ചോദ്യം ചെയ്തതാണ് രമേശിനെ പ്രകോപിതനാക്കിയത്. ഷൈനിക്ക് നേരെ തിരിഞ്ഞ് തെറിവിളിയും ഭീഷണിയുമായി വന്ന രമേശ് ഒടുവില്‍ വീട്ടില്‍ കയറിവന്ന് ഷൈനിയെ ചവിട്ടിവീഴ്ത്തുകയായിരുന്നുവെന്ന് ഷൈനി പറഞ്ഞു. ഇളയമ്മയെ മര്‍ദ്ദിക്കുന്നതുകണ്ട് തടയാനായി ഓടിവന്ന ഭഗത്കൃഷ്ണയെയും ആക്രമിച്ചു. കല്ലേറില്‍ കുട്ടിയുടെ കാലിലും ഷൈനിയുടെ നെറ്റിയിലും പരിക്കേറ്റിറ്റിട്ടുണ്ട്. മാറമ്പിള്ളി അല്‍ മുബാറക് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ഭഗത്കൃഷ്ണ. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകയായ ടീം മെംബര്‍ അക്‌സ മെര്‍ളി തോമസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

RELATED STORIES

Share it
Top