വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിച്ചു

അമ്പലപ്പുഴ: വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിച്ച നിലയില്‍. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് 13ാം വാര്‍ഡ് വളഞ്ഞവഴി പുതുവല്‍ ശ്രീലേഖയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറാണ് കത്തിച്ചത്. കഴിഞ്ഞദിവസം രാത്രി 10.30 ഓടെ ആയിരുന്നു സംഭവം. വീടിനുള്ളില്‍ പുക നിറഞ്ഞതുകണ്ട് പുറത്തിറങ്ങിയപ്പോഴാണ് സ്‌കൂട്ടര്‍ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വെള്ളമൊഴിച്ച് തീയണച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തിയിരുന്നു. അടച്ചിട്ട ഗേറ്റിനടിയിലൂടെ പെട്രോളൊഴിച്ചാണ് വാഹനം കത്തിച്ചത്.പെട്രോളിന്റെ ഗന്ധം ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു.സ്‌കൂട്ടറിന് സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കസേര, വീടിനു മുന്നില്‍ മേല്‍ക്കൂരയായി ഉപയോഗിച്ചിരുന്ന ഷീറ്റ്, എന്നിവയും വീടിന്റെ വാതിലും ജനലും കത്തിയിരുന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുള്ളതായി കണക്കാക്കുന്നു. അമ്പലപ്പുഴ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശ്രീലേഖയുടെ മകന്‍ അരുണ്‍ ദേവും സുഹൃത്തുക്കളുമായുള്ള മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ചിലരാണ് സ്‌കൂട്ടര്‍ കത്തിച്ചതെന്ന് ശ്രീലേഖ പറഞ്ഞു.

RELATED STORIES

Share it
Top