വീടിനുള്ളിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ആര്‍എസ്എസുകാരന് ഗുരുതര പരിക്ക്

ഇരിട്ടി: കാക്കയങ്ങാടിനടുത്ത് ആയിച്ചോത്ത് വീടിനുള്ളിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു ഗുരുതര പരിക്ക്. ആയിച്ചോത്തെ മുക്കോലപുരയില്‍ സന്തോഷി(30)നെയാണ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്.


യുവാവിന്റെ കൈപ്പത്തി ചിതറിയ നിലയിലാണ്. വീടിന്റെ ജനല്‍ ഉള്‍പ്പെടെ പൊട്ടിത്തെറിക്കുകയും ചുവരുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിക്കുകയും ചെയ്തു. സന്തോഷിനെ ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. വീട്ടിനുള്ളില്‍ പടക്കം പൊട്ടിക്കുന്നതിനിടെ തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് ആദ്യ സൂചന.
ഇന്നലെ മുഴക്കുന്ന് എസ്‌ഐ പി രാജേഷിന്റെ നേതൃത്വത്തില്‍ സയന്റിഫിക് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും വിശദമായി നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ ബോംബ് നിര്‍മാണശ്രമത്തിനിടെയാണ്് സംഭവമെന്നാണ് പോലിസ് നിഗമനം. ഇതു പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തു കേസെടുത്തിട്ടുണ്ട്. ഫോറന്‍സിക് റിപോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടിയെടുക്കുമെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top