വീടിനായി കാത്തിരിക്കുന്നത് നൂറുകണക്കിനാളുകള്‍

എടപ്പാള്‍: ലൈഫ്മിഷന്‍ പദ്ധതിയില്‍ വീടുകള്‍ക്കായി അപേക്ഷ നല്‍കിയ നൂറുകണക്കിനാളുകളുടെ കാത്തിരിപ്പ് നീളുന്നു. വര്‍ഷങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷകള്‍ നല്‍കി കാത്തിരിക്കുന്ന ദുര്‍ബല ജനവിഭാഗങ്ങള്‍ തങ്ങളുടെ സ്വപ്‌നം എന്നു സാക്ഷാല്‍കരിക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ്.
കഴിഞ്ഞ രണ്ടുവര്‍ഷമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള വീട് നിര്‍മാണം സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കയാണ്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പെട്ടവര്‍ക്ക് പട്ടികജാതി വികസന വകുപ്പ് മുഖേന വീട് വയ്ക്കുന്നതിനുള്ള സ്ഥലവും അതില്‍ വീട് നിര്‍മിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കുന്നുണ്ടെങ്കിലും ഇതിലുള്‍പ്പെടാത്ത മുസ്്‌ലിം അടക്കമുള്ള മുന്നാക്ക സമുദായക്കാരായ കുടുംബങ്ങളാണ് ഈ പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തമായി വീടുവയ്ക്കാന്‍ സ്ഥലമില്ലാത്തവരുടേയും മറ്റും ലിസ്റ്റ് തയ്യാറാക്കുന്നത് രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ചതാണ്. ഏതാനും തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള അപേക്ഷകര്‍ക്കു വീട് വയ്ക്കുന്നതിനായി തങ്ങളുടെ പഞ്ചായത്ത് പരിധിയില്‍ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിലും പിന്നീട് യാതൊരു നടപടിയുമായിട്ടില്ല. അപേക്ഷകരുടെ ബാഹുല്യം കണക്കിലെടുത്ത് ഫഌറ്റുകള്‍ പണിത് അപേക്ഷകരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുമെന്ന അറിയിപ്പാണ് അപേക്ഷകര്‍ക്കു കിട്ടുന്നത്.
എന്നാല്‍, അറിയിപ്പുകള്‍ക്കപ്പുറം ഇതുവരെ വീടുകളുടെയോ ഫഌറ്റുകളുടേയോ നിര്‍മാണം ആരംഭിച്ചിട്ടില്ല. ലൈഫ് മിഷന്‍ പദ്ധതി വഴി തങ്ങളുടെ കുടുംബത്തിനു വീട് ലഭിക്കുമെന്നു കരുതിയവരിലേറെ പേരും ഇപ്പോള്‍ നിരാശയിലാണ്. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ നിത്യേന കയറി വിവരം അന്വേഷിക്കുന്ന ഗുണഭോക്താക്കള്‍ക്ക് കൃത്യമായ ഒരു മറുപടി നല്‍കാന്‍ പോലും തദ്ദേശ ഭരണ കര്‍ത്താക്കള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിയുന്നില്ലെന്നും ഗുണഭോക്താക്കള്‍ ആരോപിക്കുന്നു. മൂന്നു സെന്റ് സ്ഥലം സ്വന്തമായുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്കു വീട് വയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയിരുന്ന ഗ്രാന്റ് രണ്ടില്‍ നിന്നു മൂന്നു ലക്ഷമായി ഉയര്‍ത്തിയെന്നു പ്രഖ്യാപിച്ചെങ്കിലും രണ്ടു വര്‍ഷമായി ആര്‍ക്കും ഈ സഹായവും ലഭ്യമായിട്ടില്ല.

RELATED STORIES

Share it
Top