വി രാമചന്ദ്രനെതിരായ അന്വേഷണ റിപോര്‍ട്ട് പൂഴ്ത്തി

സി എ സജീവന്‍

തൊടുപുഴ: സംസ്ഥാന സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് മേധാവിക്കെതിരേ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം നടപ്പായില്ല. കെടുകാര്യസ്ഥത, അഴിമതി, കേന്ദ്രഫണ്ട് ലാപ്‌സാക്കല്‍, പ്രഥമ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനുമായുള്ള നിസ്സഹകരണം, ഡയറക്ടറേറ്റിലെ അനാരോഗ്യകരമായ പ്രവണതകള്‍ തുടങ്ങിയ പരാതികളെ തുടര്‍ന്നാണ് സംസ്ഥാന സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് ഡയറക്ടര്‍ ജനറല്‍ വി രാമചന്ദ്രനെതിരേ അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ പ്ലാനിങ് ബോര്‍ഡ് സെക്രട്ടറി വി എസ് സെന്തിലിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഇതനുസരിച്ച് വകുപ്പിലെ എല്ലാവിഭാഗം ഉദ്യോഗസ്ഥരില്‍ നിന്നും പ്ലാനിങ് ബോര്‍ഡ് സെക്രട്ടറി രേഖാമൂലം വിശദാംശങ്ങള്‍ തേടിയിരുന്നു. എന്നാല്‍, ഈ റിപോര്‍ട്ട് മുഖ്യമന്ത്രിക്കു മുന്നിലെത്തിയില്ല. ഉന്നത രാഷ്ട്രീയസമ്മര്‍ദത്തെ തുടര്‍ന്ന് റിപോര്‍ട്ട് പ്ലാനിങ് ബോര്‍ഡ് സെക്രട്ടറിയുടെ ഓഫിസ് പൂഴ്ത്തിയെന്നാണ് ആക്ഷേപം.
അതേസമയം, പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വകുപ്പിലെ രണ്ട് സീനിയര്‍ അഡീഷനല്‍ ഡയറക്ടര്‍മാര്‍ വി രാമചന്ദ്രനെതിരേ മുഖ്യമന്ത്രിക്കും ആസൂത്രണ-സാമ്പത്തികകാര്യ സെക്രട്ടറി ബിശ്വാസ് മേത്തക്കും കഴിഞ്ഞ ദിവസം പരാതി നല്‍കി. ഇതുസംബന്ധിച്ച ഹിയറിങ് നടക്കുകയാണ്. ഓരോ അഡീഷനല്‍ ഡയറക്ടര്‍മാര്‍ക്കും നിശ്ചിത ചുമതലകള്‍ വിഭജിച്ചുനല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതു നിറവേറ്റാന്‍ ഡയറക്ടര്‍ ജനറല്‍ അനുവദിക്കുന്നില്ലെന്നാണു പരാതി.
രാജ്യത്തെ സ്ഥിതിവിവരശേഖരണം കുറ്റമറ്റതാക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായ സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ സ്‌ട്രെങ്ത്തനിങ് പ്രൊജക്റ്റ് (എസ്എസ്എസ്പി) നടപ്പാക്കുന്നതിലെ വീഴ്ചമൂലം 38 കോടി രൂപ സംസ്ഥാനത്തിനു നഷ്ടമായി. പദ്ധതിപ്രകാരം വകുപ്പിന്റെ തലപ്പത്ത് അഴിച്ചുപണിയും ചുമതലകളുടെ വിഭജനവും നടത്തി ഡയറകര്‍ തസ്തിക ഡയറക്ടര്‍ ജനറല്‍ എന്നാക്കിമാറ്റി ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നു വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, തസ്തിക ഡയറക്ടര്‍ ജനറല്‍ എന്നു മാറ്റി വിജ്ഞാപനമുണ്ടായെങ്കിലും ഡയറക്ടറായി ഐഎഎസുകാരനെത്തിയില്ല.
നേരത്തേ വകുപ്പിലെ ഒരു ജോയിന്റ് ഡയറക്ടറെ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഒരുമാസത്തോളം ആശുപത്രിയിലായി. സിപിഎമ്മിന്റെ സഹയാത്രികനായ ഇദ്ദേഹത്തിനെതിരേയുള്ള പീഡനം പാര്‍ട്ടിയില്‍ ചര്‍ച്ചയാവുകയും നടപടിയെടുക്കാന്‍ സിപിഎം സംസ്ഥാനകമ്മിറ്റി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും വകുപ്പുമേധാവിക്കെതിരേ നടപടിയുണ്ടായില്ല.

RELATED STORIES

Share it
Top