വി മുരളീധരന്‍ എതിരില്ലാതെ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക്‌

ന്യൂഡല്‍ഹി: വി മുരളീധരന്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് ഇദ്ദേഹം. മഹാരാഷ്ട്രയില്‍ ബിജെപിയുടെ മൂന്നു സീറ്റിലേക്ക് നാലു സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിരുന്നു. എന്നാല്‍, ഒടുവില്‍ ഒരാള്‍ പത്രിക പിന്‍വലിക്കാന്‍ തയ്യാറായതോടെയാണ് മുരളീധരന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനായി ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ സ്വാധീനമില്ലാത്ത സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. മഹാരാഷ്ട്രയിലെ ആറു രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം ബിജെപിക്കും ഓരോ സീറ്റ് വീതം കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവയ്ക്കും സ്വാധീനമുള്ളതാണ്. എന്നാല്‍, മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷ വിജയ രഹത്കര്‍ ബിജെപി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു.
ഇതോടെ, വോട്ടെടുപ്പിലേക്ക് നീങ്ങാനിരിക്കെയാണ് വിജയ രഹത്കര്‍ ഇന്ന് പത്രിക പിന്‍വലിച്ചത്. ഇതേത്തുടര്‍ന്നാണ് വി മുരളീധരന്‍ അടക്കമുള്ളവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ എന്നിവരാണ് ബിജെപിയില്‍ നിന്നു വിജയിച്ച മറ്റുള്ളവര്‍.

RELATED STORIES

Share it
Top