വി ടി ബല്‍റാമിന് പിന്തുണ; സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

കോഴിക്കോട്: എകെജിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ വി ടി ബല്‍റാമിന് അനുകൂലമായി പോസ്റ്റ് ഇട്ട സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് സിപിഎം സൈബര്‍ പോരാളികള്‍ പൂട്ടിച്ചു. സിപിഎമ്മുകാര്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം എന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സഹികെട്ടാണ് ബല്‍റാം പരാമര്‍ശം നടത്തിയതെന്നു തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍ മാര്‍ക്‌സിന്റെ വിശുദ്ധമല്ലാത്ത ജീവിതത്തെ കുറിച്ചും പരാമര്‍ശമുണ്ട്. സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും കുറിപ്പിലുണ്ട്. ബല്‍റാമിന്റെ ഫേസ്ബുക്ക് ഇടപെടലിനെതിരേ കേസെടുത്തോളൂ. അതിനപ്പുറത്തുള്ള അതിരു കടന്ന രോഷപ്രകടനങ്ങള്‍ നിരുപാധികം അപലപിക്കപ്പെടുക തന്നെ വേണം. എംഎല്‍എ ആയതിനാല്‍ ആട് കോഴി വിതരണത്തേയും റോഡ് പാലം റിപ്പയറിനേയും പറ്റി മാത്രമേ സംസാരിക്കാവു എന്ന് ശഠിക്കരുത്, പ്ലീസ്... എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ഇത് ചര്‍ച്ചയായതിനെതുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് അക്കൗണ്ട് അപ്രത്യക്ഷമായത്. അതേസമയം, ഫേസ്ബുക്ക്  അക്കൗണ്ട് പൂട്ടിയതിനെതിരേ സിവിക് ചന്ദ്രന്‍ വിമര്‍ശനവുമായി രംഗത്ത് വന്നു. രാഷ്ട്രീയ രംഗത്ത് ഗോപാല്‍ സേനയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ നമുക്കറിയാവുന്നതാണ്. ഇപ്പോള്‍ സാംസ്‌കാരിക രംഗത്ത് കൂടി ഗോപാല്‍ സേന പ്രവര്‍ത്തിച്ചുതുടങ്ങി എന്നതിന്റെ തെളിവാണ് തന്റെ അക്കൗണ്ട് പൂട്ടിച്ചതും വി ടി ബല്‍റാമിനെതിരായ കടന്നുകയറ്റവും എന്ന് സിവിക് ചന്ദ്രന്‍ തേജസിനോട് പറഞ്ഞു. സിപിഎം സൈബര്‍ പോരാളികളാണ് ഇതിന് പിന്നില്‍. ഇത് സംബന്ധിച്ച് ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടിരുന്നെന്നും ജനുവരി 14 വരെ അക്കൗണ്ട് ലഭ്യമാവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും സിവിക് പറഞ്ഞു.

RELATED STORIES

Share it
Top