വി ടി ബല്‍റാം എംഎല്‍എയുടെഓഫിസിന് നേരെ ആക്രമണം

തൃത്താല/പാലക്കാട്: എകെജിയെ ബാലപീഡകനെന്ന് പരാമര്‍ശിച്ചതില്‍ പ്രതിഷേധിച്ച്   വി ടി ബല്‍റാമിന്റെ ഓഫിസിന് നേരെ ആക്രമണം. എംഎല്‍എയുടെ തൃത്താലയിലെ ഓഫിസിന് നേരെ ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഓഫിസിലേക്ക് അക്രമികള്‍ മദ്യക്കുപ്പിയെറിയുകയായിരുന്നു. പോലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, വി ടി ബല്‍റാം പരസ്യമായി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ തൃത്താല മേഖലാ കമ്മിറ്റി നടത്തിയ എംഎല്‍എ ഓഫിസ് മാര്‍ച്ച് അക്രമാസക്തമായി. മാര്‍ച്ചിനിടെ ഓഫിസിന് മുമ്പിലെ ബോര്‍ഡും പുറത്തു സ്ഥാപിച്ച മൂന്ന് എസികളും അടിച്ചുതകര്‍ത്ത പ്രവര്‍ത്തകര്‍ കരി ഓയില്‍ പ്രയോഗവും നടത്തി. ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം. 200 ഓളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് കേന്ദ്രകമ്മിറ്റി അംഗം വിപി റജീന ഉദ്ഘാടനം ചെയ്തു. ഓഫിസിന് 50 മീറ്റര്‍ അകലെ മാര്‍ച്ച് പോലിസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് കാരണമായി. പോലിസ് ലാത്തിവീശി. സംഭവത്തില്‍ തൃത്താല പോലിസ് കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരേ കേസെടുത്തു. അതേസമയം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പ്രതിഷേധിച്ചും അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃത്താല എടപ്പാള്‍ റോഡില്‍ ഗവ. റസ്റ്റ് ഹൗസിന് സമീപം മുക്കാല്‍ മണിക്കൂര്‍ റോഡ് ഉപരോധിച്ചു. എംഎല്‍എയുടെ ഓഫിസിനും വീടിനും സിപിഎം ഓഫിസിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, എ കെ ഗോപാലനെ ബാലപീഡകനെന്ന് വിളിച്ച സംഭവത്തില്‍ വിശദീകരണവുമായി വീണ്ടും വി ടി ബല്‍റാം എംഎല്‍എ രംഗത്ത്. 'പോരാട്ടകാലങ്ങളിലെ പ്രണയം' എന്ന തലക്കെട്ടില്‍ ദി ഹിന്ദു ദിനപത്രം 2001 ഡിസംബര്‍ 20ന് പ്രസിദ്ധീകരിച്ച വാര്‍ത്തയെ ഉദ്ധരിച്ചാണ് ബല്‍റാം ന്യായീകരണവുമായി രംഗത്തെത്തിയത്. എകെജിയെ കുറിച്ചുള്ള പരാമര്‍ശത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് എംഎല്‍എയുടെ പോസ്റ്റ്. ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് എ കെഗോപാലന്‍ സുശീലയെ വിവാഹം കഴിച്ചതെന്നും അന്നത്തെ അവരുടെ പ്രായവും പ്രണയം തുടങ്ങുന്ന സമയത്തെ പ്രായവും താരതമ്യം ചെയ്താണ് പോസ്റ്റ് ആരംഭിക്കുന്നത്. തുടര്‍ന്ന് എ കെ ഗോപാലന്റെ ആത്മകഥയിലെ പരാമര്‍ശങ്ങളെ ഉദ്ധരിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കാന്‍ ശ്രമിക്കുന്നു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എകെജിയെ കുറിച്ച് ഏവര്‍ക്കും മതിപ്പുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുതെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ബല്‍റാം വ്യക്തമാക്കുന്നു. എഴുത്തുകാരന്‍ സക്കറിയയെ മുമ്പ് കായികമായി ആക്രമിച്ച് നിശബ്ദനാക്കിയ നടപടി എപ്പോവും വിലപ്പോവില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top