വി ടി ബല്‍റാം എംഎല്‍എയുടെ നാക്ക് പിഴുതെടുക്കുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി

തൃത്താല: വി ടി ബല്‍റാം ഇനിയും മോശം പരാമര്‍ശങ്ങള്‍ തുടര്‍ന്നാല്‍ എംഎല്‍എയുടെ നാക്ക് പിഴുതെടുക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രന്‍. എകെജിക്കെതിരേ നടത്തിയ വിവാദപരാമര്‍ശത്തില്‍ വി ടി ബല്‍റാം മാപ്പു പറയണമെന്നാവശ്യപ്പെട്ട് തൃത്താല ഏരിയാ കമ്മിറ്റി നടത്തിയ എംഎല്‍എ ഓഫിസ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകളുടെ മുന്നില്‍ ആളാവാന്‍ എന്തും എഴുതാമെന്നും വായില്‍ തോന്നിയത് വിളിച്ച് പറയാമെന്നും ബല്‍റാം കരുതേണ്ട. എകെജിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍വരെ ബല്‍റാം പറഞ്ഞത് തെറ്റായി പോയെന്ന് പറഞ്ഞിട്ടും ഇതംഗീകരിക്കാതെ മുന്നോട്ട് പോവുകയാണ് എംഎല്‍എ. എംഎല്‍എ വാങ്ങി കൊടുക്കുന്ന മദ്യം കഴിച്ച് ഒപ്പം കൂടിയിട്ടുള്ള കുറച്ച് യൂത്തന്‍മാരല്ലാതെ ആരാണ് ബല്‍റാമിനെ പിന്തുണയ്ക്കുന്നതെന്നും ചന്ദ്രന്‍ ചോദിച്ചു. 2008ല്‍ ഒരു തിരഞ്ഞെടുപ്പ് കാലത്ത് ദില്ലിയില്‍ നിന്ന് സ്ഥാനാര്‍ഥി കുപ്പായവുമിട്ട് തൃത്താലയില്‍ വന്ന ബല്‍റാമിനെ അതുവരെ ആര്‍ക്കാണ് അറിയുക.
എന്ത് രാഷ്ട്രീയ പാരമ്പര്യമാണ് ബല്‍റാമിനും കുടുംബത്തിനും പറയാനുള്ളതെന്നും എം ചന്ദ്രന്‍ ചോദിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ പോലിസ് മേധാവി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് സമാധാനപരമായി അവസാനിച്ചു.

RELATED STORIES

Share it
Top