വി എം സുധീരന്റെ ആരോപണങ്ങള്‍പിന്നില്‍ ആന്റണിയാണെന്ന് വിശ്വസിക്കുന്നില്ല: തിരുവഞ്ചൂര്‍

കോട്ടയം: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള പി ജെ കുര്യന്റെയും വി എം സുധീരന്റെയും ആരോപണങ്ങള്‍ക്ക് പിന്നില്‍ എ കെ ആന്റണിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ ആര്‍ക്കും ടാര്‍ജറ്റ് ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് വിജയം നേടാനായില്ലെന്ന പി ജെ കുര്യന്റെ ആരോപണത്തിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി നയിച്ചപ്പോള്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ ജയിച്ചയാളാണ് താന്‍. പരസ്യപ്രസ്താവനകള്‍ക്ക് വിലക്കുള്ളതിനാല്‍ ആരുടെയും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലുണ്ടായ പരാജയം കോണ്‍ഗ്രസ്സിന് ഒരു അനുഭവപാഠമാണ്. കോണ്‍ഗ്രസ് ഇപ്പോര്‍ വിഷമസ്ഥിതിയിലാണെന്നും ഇതില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റാനുള്ള നടപടികള്‍ എടുക്കണം. കോട്ടയം പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ്സിന് ഭയമില്ലെന്നും തിരഞ്ഞെടുപ്പിനെ സ്വാഗതംചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.കാലവര്‍ഷക്കെടുതിമൂലം ദുരിതം നേരിടുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ എത്രയും വേഗം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാരിന്റെ ദുരിതാശ്വാസ ക്യാംപുകളില്‍ എത്താന്‍ സാധിക്കില്ല. ഇത്തരക്കാര്‍ക്കും ദുരിതാശ്വാസ സഹായം എത്തിക്കാനുള്ള നടപടി എടുക്കണം. കൃഷിനശിച്ച ഭൂരിപക്ഷം വരുന്ന കര്‍ഷകരും കാര്‍ഷിക ഇന്‍ഷുറന്‍സിന്റെ പരിധിയില്‍പ്പെടാത്തവരാണ്. അവര്‍ക്ക് എത്രയും വേഗം അടിയന്തര സഹായം ലഭ്യമാക്കണം ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരുടെ വ്യക്തമായ കണക്കുകള്‍ സര്‍ക്കാരിന്റെ കൈയില്‍ ഉണ്ടെന്നു കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top