വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍

തളിപ്പറമ്പ്: അമേരിക്കന്‍ കമ്പനിയില്‍ ജോലിവിസ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവതിയെ കുടിയാന്‍മല എസ്‌ഐ വി വി ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തു. അങ്കമാലി മൈക്കാട്ടുശ്ശേരി അത്താണിയിലെ കുന്നുങ്കര അന്‍വറിന്റെ ഭാര്യ ജസ്‌ന(35)ആണ് തൃശൂരില്‍ പിടിയിലായത്.
അന്‍വറും ജെസ്‌നയും ചേര്‍ന്ന് സെന്റ് ലൂസിയാനയില്‍ ബറോണ്‍ ട്രേഡിങ് കണ്‍സ്ട്രക്ഷന്‍ കമ്പനി എന്ന സ്ഥാപനം നടത്തുന്നുണ്ടത്രെ.
ഇവിടേക്ക് ജോലി വാഗ്ദാനം ചെയ്ത് നെല്ലിക്കുന്ന സ്വദേശികളായ മുല്ലക്കരയില്‍ ജോ വര്‍ഗീസില്‍നിന്ന് ഏഴുലക്ഷം രൂപയും വെണ്ടത്താനത്ത് ടിന്റു തോമസില്‍നിന്ന് ആറര ലക്ഷം രൂപയും തട്ടിയെത്തെന്നാണു കേസ്. വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ പണം തിരിച്ചുചോദിച്ചപ്പോള്‍ നല്‍കിയില്ല. തുടര്‍ന്നാണ് കുടിയാന്‍മല പോലിസില്‍ പരാതി നല്‍കിയത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം പ്രതിയെ തേടി പോലിസ് എത്തിയപ്പോള്‍ അസുഖം നടിച്ച് ഇവര്‍ തൃശൂരിലെ ഒരു ആശുപത്രിയില്‍ ചികില്‍സ തേടി. ആശുപത്രിക്ക് കാവല്‍ നിന്ന പോലിസ് ജസ്‌നക്ക് അസുഖമില്ലെന്ന് ഡോക്്ടര്‍മാരില്‍ നിന്ന് വിവരം ലഭിച്ചതോടെ ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയെ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top