വിസ നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടി യുവതി മുങ്ങിയതായി പരാതിപരാതി

നെടുംകുന്നം: കറുകച്ചാലില്‍ വിസ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത വീട്ടമ്മ നാടുവിട്ടു. ഒന്നര വര്‍ഷമായി കറുകച്ചാല്‍ പനയമ്പാലയ്ക്ക് സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന എറണാകുളം സ്വദേശിനി പുത്തന്‍വീട്ടില്‍ ഷൈലാ ഷാജിയ്‌ക്കെതെരെയാണ് തട്ടിപ്പിനിരയായവര്‍ കറുകച്ചാല്‍ പോലിസില്‍ പരാതി നല്‍കിയത്.
ആറു മാസം മുമ്പാണ് സംഭവം. ഇവരുടെ ഭര്‍ത്താവ് ദുബായിലെ വന്‍കിട സ്ഥാപനത്തിലെ ജിവനക്കാരനാണെന്നും വിവിധ കമ്പനികളില്‍ വിവിധ തസ്തികകളില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. വിസയുടെ ആദ്യപടിയായി ചിലരില്‍ നിന്നും 20000 രൂപയും അതിനു മുകളിലും പണം വാങ്ങിയതായി പറയപ്പെടുന്നു. കറുകച്ചാല്‍, ചങ്ങനാശ്ശേരി, ചമ്പക്കര, മല്ലപ്പള്ളി സ്വദേശികളായ 15ഓളം  പേരില്‍ നിന്നുമാണ് ഇവര്‍ ഇത്തരത്തില്‍ പണം തട്ടിയെടുത്തത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനാല്‍ പരാതിക്കാര്‍ വീട്ടില്‍ എത്തിയപ്പോള്‍ എത്രയും വേഗത്തില്‍ ശരിപ്പെടുത്താമെന്നും വിശ്വാസമില്ലാത്തവര്‍ക്ക് പണം തിരികെ നല്‍കാമെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇവരുടെ വാക്കുകളില്‍ വിശ്വസിച്ചവര്‍ മടങ്ങി പോകുകയും ചെയ്തു.പിന്നീട് ഇവരുടെ നമ്പറില്‍ വിളിച്ചപ്പോള്‍ കിട്ടാതെയുമായി.
വാടക വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ഇവര്‍ രണ്ടുമാസം മുമ്പ് ഇവിടെ നിന്നും പോയതായും അറിഞ്ഞു. ഇവരുടെ കളമശേരിയിലെ മേല്‍വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ വ്യാജമാണെന്നും മനസിലായി. ഇതോടെയാണ് പരാതിക്കാര്‍ തട്ടിപ്പുവിവരം അറിയുന്നത്. ചങ്ങനാശ്ശേരി സ്വദേശികളായ നാലു പേരും, ചമ്പക്കര സ്വദേശിയായ ഒരാളുമാണ് കഴിഞ്ഞ ദിവസം കറുകച്ചാല്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കറുകച്ചാല്‍ പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top