വിസ തട്ടിപ്പ്: യുവാക്കള്‍ നേരിട്ടത് കൊടിയ പീഡനങ്ങള്‍

ഹരിപ്പാട്: വിസാ തട്ടിപ്പിനിരയായി സൗദിയില്‍ അകപ്പെട്ട സ്വദേശികളായ യുവാക്കള്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് അനുഭവിച്ചത് കൊടിയ പീഡനങ്ങള്‍. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം ബൈജുഭവനത്തി ല്‍ ബൈജു(29), ചേപ്പാട് കണിച്ചനെല്ലൂര്‍ പുത്തന്‍വീട്ടി ല്‍ ബിമല്‍കുമാര്‍(36), മുട്ടം മലമേല്‍കോട് അഞ്ജുഭവനത്തി ല്‍ അഭിലാഷ്(21) എന്നിവരാണ് പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്.
ബൈജു നവംബര്‍ ആറിനും ബിമല്‍കുമാര്‍, അഭിലാഷ് എന്നിവര്‍ കഴിഞ്ഞ നാലിനുമാണ് സൗദിയിലെ അബ്ദുല്ല ഹിജാബ് അല്‍ ബറാക്കി ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജോലിക്കെത്തിയത്. ആറാട്ടുപുഴ സ്വദേശി ഷംസാദ് ബഷീറാണ് മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് ഹരിപ്പാട്ടുള്ള അല്‍ അക്ബര്‍ ട്രാവല്‍സ് വഴി ഇവരെ സൗദിയിലെത്തിച്ചത്.
റിയാദില്‍ നിന്ന് 1500 കിലോമീറ്റര്‍ അകലെ അബഹയിലായിരുന്നു ഇവര്‍ക്ക് ജോലി നല്‍കിയത്. ബൈജുവിനും അഭിലാഷിനും ഹൗസ് ഡ്രൈവറുടെ വിസയും ബിമല്‍കുമാറിന് മെക്കാനിക്കിന്റെ വിസയുമാണ് നല്‍കിയത്. വാഗ്ദാനം ചെയ്ത ജോലിക്ക് പകരം ഇഷ്ടിക കമ്പനിയിലെ ജോലിയാണ് ബൈജുവിന് നല്‍കിയത്. നേരത്തെയെത്തിയ ബൈജു ഇതിനെ ചോദ്യം ചെയ്തതോടെ കമ്പനിയുടമ പൈശാചികമായ മ ര്‍ദ്ദനങ്ങള്‍ക്കിരയാക്കുകയും കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തതിനിടെയാണ് ബിമല്‍കുമാറും അഭിലാഷും കൂടി കമ്പനിയിലെത്തുന്നത്.
തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ മൂവരും ഇടനിലക്കാരനായ ഷംസാദിനെ സമീപിച്ച് നാട്ടില്‍ വിടണമെന്ന് ആവശ്യപ്പെട്ടു. 10000 സൗദി റിയാല്‍ നല്‍കാതെ നാട്ടിലേക്ക് തിരികെ അയക്കില്ലെന്നും ക്വൊട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് അക്രമിക്കുമെന്നും ഷംസാദ് ഇവരെ ഭീഷണിപ്പെടുത്തി. ഇഷ്ടികപ്പണിക്ക് പോവില്ലെന്ന നിലപാടെടുത്തതോടെ മുറി പൂട്ടി പുറത്താക്കി.
അഭിലാഷിനെ തടിക്കഷണം കൊണ്ട് തല്ലുന്ന ദൃശ്യങ്ങള്‍ ബിമല്‍കുമാര്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി വാട്‌സ് ആപ്പ് വഴി നാട്ടിലറിയിക്കുകയും ഇത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ബംഗാളികളും പാകിസ്ഥാനികളുമായ ഏഴുപേര്‍ ഇതേ കമ്പനിയില്‍ തട്ടിപ്പിനിരയായി കഴിയുന്നുണ്ടെന്നും കഴിഞ്ഞമാസം മലയാളികളടക്കം 11 പേര്‍ പീഡനത്തെ തുടര്‍ന്ന് വിസ ക്യാന്‍സല്‍ ചെയ്തു രക്ഷപ്പെട്ടതായി ഇവര്‍ പറഞ്ഞു.
തൃക്കുന്നപ്പുഴ പോലിസ് സ്റ്റേഷനിലെ ഒരു പോലിസുകാരന്റെ വാക്ക് വിശ്വസിച്ചാണ് ബിമല്‍കുമാറും അഭിലാഷും വിസതട്ടിപ്പിനിരയായത്. ഇയാള്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപ്പെട്ടതോടെ ഇന്ത്യന്‍ എംബസിയും സൗദി കോണ്‍സുലേറ്റും ഇവരുടെ മോചനം ഉറപ്പാക്കി. മലയാളി സന്നദ്ധസംഘടനയായ സമന്യയുടേയും ഇടപെടലും തുണയായി. മൂന്നു ലക്ഷത്തോളം രൂപയുടെ കടം വീട്ടാന്‍ സൗദിയിലേക്ക് പോയ ബിമല്‍ കുമാര്‍ ഇതുവരെ ചെലവായ ഒരു ലക്ഷം രൂപയുടെ കടബാധ്യത എങ്ങനെ തീര്‍ക്കുമെന്നറിയാതെ നെടുവീര്‍പ്പെടുകയാണ്.

RELATED STORIES

Share it
Top