വിസ തട്ടിപ്പ്: ട്രാവല്‍സ് ഉടമയും കൂട്ടാളികളും പിടിയില്‍

കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വന്‍തുക തട്ടിയ ട്രാവല്‍സ് ഉടമയും കൂട്ടാളികളും പോലിസ് പിടിയിലായി. കോഴിക്കോട് ചിന്താവളപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന റിസാ ട്രാവല്‍സ് ഉടമ തേഞ്ഞിപ്പലം സ്വദേശി യാസിദ്, ജീവനക്കാരായ ഐശ്വര്യ കണ്ണൂര്‍, മുഹമ്മദ് നിസാര്‍ മഞ്ചേരി എന്നിവരെയാണ് കസബ പോലിസ് പിടികൂടിയത്്.
പലരില്‍ നിന്നായി 50  ലക്ഷത്തോളം രൂപയാണ് ഇവര്‍ വെട്ടിച്ചത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് 30,000 മുതല്‍ ഒന്നര ലക്ഷം വരെ പലരില്‍ നിന്നായി കൈവശപ്പെടുത്തിയ ശേഷം സ്ഥാപനം പൂട്ടി ഇവര്‍ മുങ്ങുകയായിരുന്നു. അന്നശ്ശേരി സ്വദേശി  ബിബിന്‍ മോഹന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉടമയെ പോലിസ് തന്ത്രപരമായി കുടുക്കിയത്. ബിബിന് 30,000 രൂപയാണ് നഷ്ടമായത്. ഇന്നലെ മറ്റു രണ്ട് പേരും പരാതി നല്‍കാനെത്തി.
മലപ്പുറം ഹാജിയാര്‍ പള്ളി സ്വദേശി ഫിറോസ്, മഞ്ചേരി സ്വദേശി മുഹമ്മദ് ഫാസില്‍ എന്നിവരാണ് പരാതിയുമായി എത്തിയത്. 30 ലേറെ പേര്‍ ഇവരുടെ വഞ്ചനക്ക് ഇരയായതായി കരുതുന്നു. യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഉള്‍പ്പടെയുള്ള ജോലികള്‍ക്ക് വിസ നല്‍കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പലരില്‍ നിന്നും വ്യത്യസ്ത തുകകളാണ് ഈടാക്കിയത്. ചിലര്‍ക്ക് വിസ കോപ്പി പോലും നല്‍കി. എന്നാല്‍ ഇത് വ്യാജമായിരുന്നു.
കഴിഞ്ഞ സപ്തംബറിലാണ് സ്ഥാപനം തുടങ്ങിയത്. കഴിഞ്ഞ ഏപ്രിലില്‍ പൂട്ടുകയും ചെയ്തു. കാശ് തിരികെ ചോദിച്ചവരോട് മൂന്ന്് മാസത്തിനകം പണം നല്‍കാമെന്ന് പറഞ്ഞ് ഉടമ മുങ്ങുകയായിരുന്നു. റിക്രൂട്ടിങിനു മാത്രമല്ല ട്രാവല്‍സിനുള്ള ലൈസന്‍സ് പോലുമില്ലാതെയാണത്രെ സ്ഥാപനം നടത്തിയിരുന്നത്. നേരത്തെ ജോബ് സര്‍ക്കിള്‍ എന്ന പേരുള്ള ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട് യാസിദ് പ്രവര്‍ത്തിച്ചിരുന്നു. അതും പെട്ടെന്ന്്്് പൂട്ടുകയായിരുന്നു. അത് മറ്റൊരാളുടെ സ്ഥാപനമായിരുന്നുവെന്നും താന്‍ സഹായി മാത്രമായിരുന്നുവെന്നുമാണ് യാസിദ് പോലിസിനോട് പറഞ്ഞത്.
കൂടുതല്‍ പേര്‍ ഇനിയും പരാതിയുമായി വരാന്‍ സാധ്യതയുണ്ടെന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. കസബ എസ്‌ഐ കെ ടി ബിജീത്, എഎസ്‌ഐ വിനോദ്കുമാര്‍, എഎസ്‌ഐ ദിനേശന്‍, സീപിഒ സജീവന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

RELATED STORIES

Share it
Top