വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയത് 26,000 പേര്‍

visa

ദോഹ: കഴിഞ്ഞ വര്‍ഷം വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങിയവരുടെ എണ്ണം 26,000ഓളം വരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഇത്തരക്കാര്‍ക്ക് ജിസിസി തല നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് എംഒഐ സെര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ ഈസ ആല്‍സെയ്ദ് പറഞ്ഞു. ഖത്തര്‍ ട്രിബ്യൂണാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
വിവിധ തരത്തിലുള്ള വിസ കാലാവധി കഴിഞ്ഞതായ 25,487 പേരുടെ വിവരങ്ങളാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ആല്‍സെയ്ദ് കൂട്ടിച്ചേര്‍ത്തു. ചില കേസുകളില്‍ സ്‌പോണ്‍സര്‍ വിസ പുതുക്കാത്തവയുണ്ടായിരുന്നു. അത്തരക്കാരോട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട് ഇത് ചെയ്ത് കൊടുക്കാന്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
നിശ്ചിത പ്രൊജക്ടുകള്‍ക്ക് വേണ്ടി രാജ്യത്തെത്തി കരാര്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്തവരാണ് മറ്റു കേസുകള്‍. വര്‍ക്ക് വിസയില്‍ എത്തുകയും എന്നാല്‍, സ്‌പോണ്‍സറുടെ കീഴില്‍ ജോലി ഇല്ലാത്തതിനാല്‍ അനധികൃതമായി മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടവരും ഉണ്ടെന്ന് പോലിസ് മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
വിസാ കാലാവധി കഴിഞ്ഞവരെ കണ്ടെത്തുന്നതിന് അധികൃതര്‍ ഇടയ്ക്കിടെ നഗരത്തില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയും മറ്റും പരിശോധന നടത്താറുണ്ട്. കാലാവധി കഴിഞ്ഞ രാജ്യത്ത് തങ്ങുന്നവര്‍ക്ക് മേഖലാ തലത്തില്‍ നിരോധനമേര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.
കഴിഞ്ഞ വര്‍ഷം ദോഹയില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ വിവരങ്ങള്‍ പരസ്പരം കൈമാറുന്ന രീതിയില്‍ ഗള്‍ഫ് പോലിസ് സേന രൂപീകരിക്കുന്നതിന് കരാറിലെത്തിയിരുന്നു. ഈ സംവിധാനം രേഖകളില്ലാത്ത തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ഉപയോഗപ്പെടുത്താമെന്നാണു കരുതുന്നത്.
വിസ കച്ചവടം നടത്തുന്ന തൊഴിലുടമകള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനം ഉപയോഗിക്കുമെന്ന് ആല്‍സെയ്ദ് നേരത്തേ വ്യക്തമാക്കിയിരുന്നു. തൊഴിലാളികളെ ഇങ്ങോട്ട് കൊണ്ട് വന്ന് വിസയില്‍ പറഞ്ഞതല്ലാത്ത ജോലി ചെയ്യിക്കുന്നതും ഒരു ജോലിയും നല്‍കാതെ ഇവിടെ ഉപേക്ഷിക്കുന്നതുമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

RELATED STORIES

Share it
Top