വിസാ തട്ടിപ്പ്: തമിഴ് ദമ്പതികള്‍ ചെന്നൈയില്‍ അറസ്റ്റില്‍

തളിപ്പറമ്പ്: സൈപ്രസില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍തുക വാങ്ങി വിസ നല്‍കാതെ മലയാളി യുവാക്കളെ വഞ്ചിച്ച തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ ചെന്നൈയില്‍ പിടിയില്‍. ഗൂഡല്ലൂര്‍ മേലാവന്നിയൂര്‍ ശ്രീകാന്ത് ബല്‍രാജ് (31), ഭാര്യ ശാന്തി പാര്‍വതി എന്നിവരെയാണ് ചെറുപുഴ പോലിസ് കടലൂര്‍ ജില്ലയിലെ ലാല്‍പോട്ടയില്‍വച്ച് അറസ്റ്റ് ചെയ്തത്. കേരളത്തിലെത്തിച്ച ഇവരെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി. തിരുമേനി സ്വദേശി ഋതിന്‍ ജോണ്‍,  സുഹൃത്ത് ബൈജു എന്നിവരാണ് വഞ്ചിതരായത്.
സൈപ്രസില്‍ ഒരുലക്ഷം രൂപ ശമ്പളത്തില്‍ വിസയുണ്ടെന്ന പരസ്യം 2017 മാര്‍ച്ചില്‍ യുവാക്കള്‍ ഓണ്‍ലൈനില്‍ കാണാനിടയായി. ചെന്നൈ വടപളനിയിലെ ശ്രീ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ വിലാസവും ഫോണ്‍ നമ്പറും നല്‍കിയിരുന്നു. മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ശാന്തി ശ്രീകാന്ത് എന്നു പരിചയപ്പെടുത്തിയ സ്ത്രീയാണ് ഫോണെടുത്തത്. വിസയ്ക്ക് 5 ലക്ഷം രൂപ ചെലവ് വരുമെന്നും പണം ഭര്‍ത്താവ് ശ്രീകാന്തിന്റെ ഐസിഐസിഐ ബാങ്ക് കൊച്ചി ശാഖയിലെ അക്കൗണ്ടിലേക്ക് അയക്കണമെന്നും അറിയിച്ചു. 50,000 രൂപ വീതം അക്കൗണ്ടില്‍ നിക്ഷേപിച്ചതോടെ വിസയുടെ എന്‍ട്രി പെര്‍മിറ്റ് ഋതിന്‍ ജോണിനും സുഹൃത്തിനും അയച്ചുകൊടുത്തു.
2017 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ആറു തവണകളായി അഞ്ചുലക്ഷം രൂപ വീതം ആകെ 10 ലക്ഷം രൂപ ചെറുപുഴ ഫെഡറല്‍ ബാങ്ക് ശാഖയില്‍നിന്നും ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍നിന്നും ശ്രീകാന്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. രണ്ടാഴ്ചക്കകം വിസ ലഭിക്കുമെന്നും പുറപ്പെടാന്‍ ഒരുങ്ങിക്കൊള്ളൂവെന്നും പ്രതി ശാന്തി പറഞ്ഞു. രണ്ടുമാസം കാത്തുനിന്നിട്ടും വിസ ലഭിച്ചില്ല. പ്രതികള്‍ ഒഴിഞ്ഞുമാറിയതോടെ സംശയമായി. ചെന്നൈയിലെത്തി അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു ഓഫിസ് കണ്ടെത്താനായില്ല.
തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പഞ്ചാബ്, ലുധിയാന, രാജസ്ഥാന്‍, മുംബൈ, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറി താമസിക്കുകയാണെന്ന് മനസ്സിലായി. പരാതിക്കാരോട് പണം ചോദിച്ച് വാട്‌സാപ്പ് സന്ദേശങ്ങള്‍ അയക്കാന്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ തമിഴ്‌നാട്ടില്‍ എത്തിയെന്ന വിവരം ലഭിച്ചു. ചെറുപുഴ പോലിസ് കടലൂരിലെത്തി കാട്ടുമന്നാര്‍ കോവില്‍ എസ്‌ഐയെ കണ്ട് കാര്യം പറഞ്ഞു. സംശയമുള്ള വീടുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി. ഒടുവില്‍ ലാല്‍പോട്ടിലെ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top