വിഷു വിപണിയില്‍ പ്ലാസ്റ്റിക് റെയ്ഡ് ശക്തിപ്പെടുത്തും

കണ്ണൂര്‍: വിഷു വിപണിയില്‍ പ്ലാസ്റ്റിക് കാരിബാഗുകളുടെ വിതരണം വ്യാപകമാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് റെയ്ഡുകള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്്ടര്‍ മീര്‍ മുഹമ്മദലിയുടെ നിര്‍ദേശം.
പ്ലാസ്റ്റിക് നിരോധനം, കുടിവെള്ള ക്ഷാമം, പുതിയ കെട്ടിടങ്ങള്‍ക്കുള്ള ഭൂജല പരിപോഷണ സംവിധാനം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തിയ അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ചിലയിടങ്ങളില്‍ റെയ്ഡില്‍ പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെടുക്കുന്ന കേസുകളില്‍ ചെറിയ തുക മാത്രം പിഴയീടാക്കുന്നത് ശ്രദ്ധയില്‍പെട്ടതായി ജില്ലാ കലക്്ടര്‍ പറഞ്ഞു. ഇത് അനുവദിക്കാനാവില്ല. പിടിച്ചെടുക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകളുടെ തോതനുസരിച്ച് 5000 മുതല്‍ 10,000 വരെ രൂപ പിഴയീടാക്കാന്‍ കലക്്ടര്‍ നിര്‍ദേശം നല്‍കി. നേരത്തേ പ്ലാസ്റ്റിക് ബാഗ് പിടിച്ചെടുത്ത് പിഴയീടാക്കിയ കടകളില്‍ വീണ്ടും പരിശോധന നടത്തണം. ഇവിടെ നിന്ന് തുടര്‍ന്നു ലഭിക്കുന്ന പക്ഷം ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ചില തദ്ദേശ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം നല്ല രീതിയില്‍ നടപ്പായി വരുന്നതായി യോഗം വിലയിരുത്തി. മട്ടന്നൂര്‍ നഗരസഭയില്‍ മൂന്ന് കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്തു.
പ്ലാസിറ്റിക് ബാഗ് വില്‍പ്പന ആവര്‍ത്തിച്ച ജില്ലയിലെ പത്തോളം കടകള്‍ക്ക് ലൈസന്‍സ് റദ്ദാക്കാനുള്ള കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായും സെക്രട്ടറിമാര്‍ റിപോര്‍ട്ട് ചെയ്തു. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്്ടര്‍ നിര്‍ദേശം നല്‍കി. നിലവില്‍ കുടിവെള്ളക്ഷാമം ഇല്ലാത്ത പ്രദേശങ്ങളിലും അത് ഉണ്ടാവാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഭൂജലപോഷണ സംവിധാനം ഏര്‍പ്പെടുത്താത്ത വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നമ്പര്‍ നല്‍കരുതെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണം. നമ്പര്‍ ലഭിച്ച കെട്ടിടങ്ങള്‍ ഇവ പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്്ടര്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ അനില്‍ കുമാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ കെ വി രഞ്ജിത്ത് സംസാരിച്ചു.

RELATED STORIES

Share it
Top