വിഷു: കണിവെള്ളരി വിളവെടുപ്പ് തകൃതി

കോഴിക്കോട്: സംസ്ഥാനത്തെ മറ്റു ദേശങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് കോഴിക്കോട്ടുകാരുടെ  കണിവെള്ളരി. മറ്റു പല ഇടങ്ങളിലും വിഷുവിന് കണിയൊരുക്കുമ്പോള്‍ സാധാരണ വെള്ളരിയാണ് ഉപയോഗിക്കാറ്. അവയില്‍ മഞ്ഞനിറമുള്ളവയെ മാറ്റിവച്ച് കണിയില്‍ വെക്കുകയാണ്.എന്നാല്‍ കോഴിക്കോട്ടെ കണിവെള്ളരി കണിക്കൊന്നയുടെ സ്വര്‍ണനിറമുള്ളവയും ആകൃതിയിലും വലുപ്പത്തിലും വ്യത്യസ്തമായതും ഭംഗിയുള്ളവയുമാണ്. കോഴിക്കോട് നഗരത്തിന്റെ പ്രാന്തപ്രദേശമായ കുറ്റിക്കാട്ടൂര്‍, മാവൂര്‍, പെരുവയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കണിവെള്ളരിപാടങ്ങള്‍ തന്നെയുണ്ട്. വിഷുവിന് ഒരാഴ്ച മുമ്പേ തുടങ്ങുകയാണ് കണിവെള്ളരി ‘കൊയ്തുല്‍സവം’. ഗ്രാമീണചന്തകളിലും നഗരത്തിലെ മാര്‍ക്കറ്റുകളിലും ഇന്നലെ മുതല്‍ കണിവെള്ളരി വില്‍പനക്കെത്തിയിട്ടുണ്ട്. ഈ വര്‍ഷം വിളഞ്ഞു നിന്നിരുന്ന വെള്ളരി കടുത്ത വേനല്‍ ചൂടില്‍ കേടുവന്നതായി കര്‍ഷകര്‍ പറയുന്നു. മൊത്ത വില്‍പനക്കാര്‍ വെള്ളരി വിളയുന്ന പാടത്തുപോയി നേരിട്ട് വില്‍പന നടത്തുകയാണ് ചെയ്യാറ്.
കുറ്റിക്കാട്ടൂര്‍:  വിഷുവിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കുറ്റിക്കാട്ടൂരിലേയും പരിസരപ്രദേശങ്ങളിലേയും കണിവെള്ളരി പാടങ്ങളില്‍ വിളവെടുപ്പുകള്‍ തകൃതി. വിപണിയിലെ ഏറ്റവും കൂടുതല്‍ കണിവെള്ളരികള്‍ എത്തിക്കുന്നത് മാവൂര്‍ പെരുവയല്‍ പഞ്ചായത്തുകളില്‍ നിന്നാണ്. ചാലിപ്പാടം, തെങ്ങിലക്കടവ്, പുഞ്ചപ്പാടം, പൈങ്ങോട്ടുപുറം, കണിയാത്ത്, തുടങ്ങിയ വയലുകളില്‍ വിളവെടുപ്പ് നടക്കുകയാണ്.
മൂന്ന് മാസത്തെ പരിശ്രമത്തിലൂടെ വളര്‍ത്തിയെടുക്കുന്ന കണിവെള്ളരി കൃഷിക്ക് ഇത്തവണ ചെലവേറെയെങ്കിലും വിളവില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. വിപണിയില്‍ ഒരു കിലോക്ക് 30 രൂപ മുതല്‍ 40 വരെയാണ് വില. രാസവളങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് കൃഷി. പൊന്‍നിറമുള്ള കണിവെള്ളരിക്കാണ് വിപണിയില്‍ ഡിമാന്റ്. വലിപ്പം കൂടുതോറും ഡിമാന്റ് കുറയും. ചൂട് കൂടിയതിനാല്‍ കണിവെള്ളരികള്‍ പൊട്ടികീറുന്ന അവസ്ഥയുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.

RELATED STORIES

Share it
Top