വിഷു: അതിര്‍ത്തിയില്‍ എക്‌സൈസ്- പോലിസ് പരിശോധന ശക്തമാക്കി

ഇരിട്ടി: വിഷു ആഘോഷത്തിന്റെ മറവില്‍ കര്‍ണാടകയില്‍നിന്ന് വന്‍തോതില്‍ ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് കടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ എക്‌സൈസ് സംഘം വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കി.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ കഞ്ചാവും മയക്കുമരുന്നും അടക്കം ലഹരിവസ്തുക്കള്‍ പിടികൂടിയിരുന്നു. കൂട്ടുപുഴ അതിര്‍ത്തിയിലും കിളിയന്തറ ചെക്‌പോസ്റ്റിലും കൂടുതല്‍ സേനയെ നിയോഗിക്കും. കര്‍ണാടകയില്‍നിന്ന് റോഡ് മാര്‍ഗമല്ലാതെ ഊടുവഴികളിലൂടെയും രഹസ്യവഴികളിലൂടെയും കേരളത്തിലേക്ക് മദ്യമൊഴുകുന്നുണ്ട്.
പേരട്ട, കച്ചേരിക്കടവ്, അയ്യംകുന്ന്, രണ്ടാംകടവ് തുടങ്ങി അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന പോക്കറ്റുവഴികളിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പിക്കറ്റിങ് ഏര്‍പ്പെടുത്തും. കര്‍ണ്ണാടയില്‍നിന്ന് വരുന്ന യാത്രാ വാഹനങ്ങള്‍ ഉള്‍പ്പെടെ ചെക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധനയ്ക്കു ശേഷമേ കടത്തിവിടൂ. പരിശോധനയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് എക്‌സൈസ് ഉദ്യോസ്ഥര്‍ അറിയിച്ചു.
മലയോരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വാറ്റുചാരായ വില്‍പനയും വ്യാജമദ്യ വില്‍പനയും വ്യാപകമാണ്.
അത്തരം പ്രദേശങ്ങളില്‍ മഫ്തിയില്‍ പോലിസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top