വിഷുപ്പക്ഷിയുടെ പാട്ടുകള്‍ മുഴങ്ങുന്ന വിഷുക്കാലം ഓര്‍മയില്‍ മാത്രം

ഫഖ്‌റുദ്ദീന്‍  പന്താവൂര്‍

പൊന്നാനി: വിഷുപ്പക്ഷിയുടെ മനോഹരമായ പാട്ടുകള്‍ മുഴങ്ങുന്ന ഒരു വിഷുക്കാലം അപൂര്‍വ കാഴ്ചയായി. ഒരു കാലത്ത് നാട്ടിന്‍പുറങ്ങളില്‍ യഥേഷ്ടം കണ്ടിരുന്ന വിഷുപ്പക്ഷിയെ പഴയപോലെ കാണാറില്ല. പതിവുകള്‍ തെറ്റിച്ച് പലപ്പോഴും കോള്‍പാടങ്ങളില്‍ കാണാറുണ്ടെന്നു പക്ഷിനിരീക്ഷകര്‍ പറയുന്നു. പ്രധാനമായും വിഷുവിനോടടുപ്പിച്ചാണ് ഈ കിളിയുടെ മനോഹര ഗീതം കേട്ടുതുടങ്ങുക. അതിനാലാവണം ഈ കുയിലിന് വിഷുപ്പക്ഷി എന്ന പേര് വീണത്. ഇപ്പോഴത്തെ തലമുറയിലുള്ളവരാരും വിഷുക്കാലത്ത് ഇതിന്റെ നാദം കേട്ടിട്ടുപോലുമില്ല.
ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഇന്തോനീസ്യ, വടക്കന്‍ ചൈന, റഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഒരിനം പക്ഷിയാണ് വിഷുപ്പക്ഷിയെന്ന കുയില്‍. ഇംഗ്ലീഷില്‍ ഇതിനെ ഇന്ത്യന്‍ കുക്കു എന്ന് വിളിക്കും. വിഷുപ്പക്ഷി, അച്ഛന്‍ കൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഇതറിയപ്പെടുന്നു.
നാണംകുണുങ്ങിപ്പക്ഷിയായതു കാരണം കണ്ടുകിട്ടുക എളുപ്പമല്ല. ആണ്‍പക്ഷിയും പെണ്‍പക്ഷിയും ഒരുപോലിരിക്കും. പെണ്‍പക്ഷിയുടെ കഴുത്തില്‍ ആണ്‍പക്ഷിയെ അപേക്ഷിച്ച് ചെറുതായി മങ്ങിയ ചാര നിറമാണ്. നെഞ്ചിലും വാലിലും കൂടുതല്‍ ബ്രൗണ്‍ നിറവുമായിരിക്കും. ഏപ്രില്‍ മുതല്‍ ആഗസ്ത് വരെയാണ് വിഷുപ്പക്ഷികള്‍ ഇന്ത്യയില്‍ മുട്ടയിടുന്നത്. മറ്റു സ്ഥലങ്ങളില്‍ മുട്ടയിടുന്ന കാലത്തിന് വ്യത്യാസമുണ്ട്. കാക്കയുടെയും കാക്കത്തമ്പുരാട്ടികളുടെയും കൂട്ടിലാണ് മുട്ടയിടുന്നത്. കൂട്ടിലെ ഒരു മുട്ട കൊത്തിക്കുടിച്ച് ആ തോട് മാറ്റിയാണ് മുട്ടയിടുന്നത്. മുട്ട വിരിയാന്‍ 12 ദിവസമെടുക്കും. ഒരിടത്തും വിഷുപ്പക്ഷിയെ കാണാനില്ലയെന്നത് യാഥാര്‍ഥ്യമാണ്. അഥവാ വഴിതെറ്റി വന്നാല്‍ പോലും പാടിത്തളര്‍ന്ന വിഷുപ്പക്ഷിക്ക് ഇരിക്കാന്‍ ഒരു മരച്ചില്ലപോലും ഇല്ലായെന്നതാണ് വസ്തുത.

RELATED STORIES

Share it
Top