വിഷുച്ചന്ത: കുടുംബശ്രീയുടെ വിറ്റുവരവ് 32 ലക്ഷം

പാലക്കാട്: വിഷു ആഘോഷം വിഷരഹിതമാക്കാന്‍ നാടന്‍ പച്ചക്കറിയുടെ വിപുലമായ വിപണിയൊരുക്കിയ കുടുംബശ്രീയുടെ ഇടപെടലിനു വന്‍ സ്വീകാര്യത. പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് 10ശതമാനം കൂടുതല്‍ വിലയ്ക്ക് സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് 30ശതമാനം വിലക്കുറവിലാണ് വില്‍പന നടത്തിയത്.
കുടുംബശ്രീയും കാര്‍ഷിക വികസനക്ഷേമ വകുപ്പും സംയുക്തമായി പാലക്കാട് ജില്ലയില്‍ 30 ഓളം വിഷുക്കണി വിപണികള്‍ സംഘടിപ്പിച്ചു. വിഷുക്കണി 2018 എന്ന പേരിലാണ് കുടുംബശ്രീയും കാര്‍ഷിക വകുപ്പും സംയുക്തമായി ചന്തകള്‍ നടത്തിയത്. കുടുംബശ്രീ സിഡിഎസ്സുകളുടെ തനത് ആഭിമുഖ്യത്തിലും ജില്ലയില്‍ നിരവധി വിഷു വിപണികള്‍ ഒരുക്കിയിരുന്നു.
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 70 ഓളം വിഷു ചന്തകളാണ് ജില്ലയിലൊരുക്കിയത്. 13, 14, 15 ദിവസങ്ങളില്‍ നടന്ന ചന്തകളുടെ ഭാഗമായി ആകെ 32ലക്ഷത്തോളം രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. ഓരോ പഞ്ചായത്തിലും കുടുംബശ്രീയെ കൂടാതെ ക്ലബ്ബുകള്‍, പ്രാദേശിക പരമ്പരാഗത കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച വിഷരഹിത പച്ചക്കറി വന്‍ തോതില്‍ വിപണിയിലെത്തിക്കാന്‍ കുടുംബശ്രീ വിഷു വിപണികള്‍ക്ക് സാധിച്ചു.
പച്ചക്കറിക്കും പഴങ്ങള്‍ക്കും പുറമെ കുടുംബശ്രീ യൂനിറ്റുകളുടെ മൂല്യ വര്‍ധിത ഉല്‍പന്നങ്ങളും ചന്തകളില്‍ ലഭ്യമാക്കിയിരുന്നു. വിഷുവിന് കണിയൊരുക്കാനുള്ള കൊന്നപ്പൂവും മറ്റു ഫല വര്‍ഗങ്ങളും ഒരുക്കിയിരുന്നതും കുടുംബശ്രീയുടെ ചന്തകളെ ആളുകള്‍ക്ക് പ്രിയപ്പെട്ടതാക്കി.
വിളകള്‍ക്ക് നല്ല വില ലഭിച്ചത് കര്‍ഷകര്‍ക്കും വലിയ ആശ്വാസമായി. പഞ്ചായത്ത് ഭരണസമിതികളുടെയും കര്‍ഷക കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് വിഷു ചന്തകള്‍ വലിയ വിജയമായത്.
പൊതു വിപണിയില്‍ പച്ചക്കറി വില ഉയരാതെ പിടിച്ചു നിര്‍ത്തുന്നതില്‍ കുടുംബശ്രീയുടെ ഇടപെടല്‍ വലിയ പങ്കുവഹിച്ചു.

RELATED STORIES

Share it
Top