വിഷമീന്‍ ഒഴുക്ക് തുടരുന്നു

എച്ച്  സുധീര്‍
പത്തനംതിട്ട/തിരുവനന്തപുരം: കര്‍ശന നടപടികള്‍ തുടര്‍ന്നിട്ടും സംസ്ഥാനത്തേക്കുള്ള വിഷം കലര്‍ന്ന മീനുകളുടെ ഒഴുക്ക് നിയന്ത്രിക്കാനാവുന്നില്ല. ഫോര്‍മാലിന്‍ കലര്‍ന്ന 27,600 കിലോഗ്രാമിലേറെ മല്‍സ്യമാണ് ഒരാഴ്ചയ്ക്കിടെ വിവിധ ചെക്‌പോസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്തത്. ട്രോളിങ് നിരോധനം മുതലെടുത്താണ് ദിനംപ്രതി ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വിഷമീനുകള്‍ എത്തുന്നത്.
കൊല്ലം ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ തിങ്കളാഴ്ച രാത്രി നടത്തിയ പ്രാഥമിക പരിശോധനയില്‍ നിന്ന് പിടികൂടിയത് ഫോര്‍മാലിന്‍ അടങ്ങിയ 9,600 കിലോഗ്രാം മല്‍സ്യമാണ്. ഇതാണ് ഇത്തരത്തില്‍ പിടികൂടിയവയില്‍ അവസാനത്തേത്. രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കുമായി കൊണ്ടുവന്നതാണിത്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാംഘട്ട നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. രണ്ടു വാഹനങ്ങളിലായി 7,000 കിലോഗ്രാം ചെമ്മീനും 2,600 കിലോഗ്രാം മറ്റു മല്‍സ്യങ്ങളുമാണ് ഉണ്ടായിരുന്നത്. ആഭ്യന്തരവിപണിയില്‍ പത്തു ലക്ഷത്തോളം രൂപ വില വരും. 15 മല്‍സ്യലോറികളാണ് പരിശോധിച്ചത്. ഫ്രീസര്‍ സംവിധാനം ഇല്ലെന്നു കണ്ടെത്തിയ ഒമ്പതെണ്ണം തിരിച്ചയച്ചു. മറ്റു ലോറികള്‍ അധികൃതര്‍ സീല്‍ ചെയ്തു.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തിയത്. തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ എറണാകുളത്തെ ലാബില്‍ മല്‍സ്യം വിദഗ്ധ പരിശോധനയ്ക്കയച്ചു. റിപോര്‍ട്ട് ലഭിച്ചശേഷം ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം പാലക്കാട് വാളയാര്‍ ചെക്‌പോസ്റ്റില്‍ നിന്നു പിടികൂടിയ മീനില്‍ ഫോര്‍മാലിന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കിലോ മല്‍സ്യത്തില്‍ 4.1 മില്ലിഗ്രാം ഫോര്‍മാലിന്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. തിരുവനന്തപുരം അമരവിളയില്‍ നിന്ന് 6,000 കിലോയും പാലക്കാട് വാളയാറില്‍ നിന്ന് രണ്ടു തവണയായി 12,000 കിലോഗ്രാം മല്‍സ്യവും അടുത്തിടെ പിടിച്ചെടുത്തിരുന്നു. ഇതില്‍ 6,000 കിലോഗ്രാം ആന്ധ്രപ്രദേശിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
അതേസമയം, ട്രോളിങ് നിരോധനം മുന്‍കൂട്ടിക്കണ്ട് ആഴ്ചകള്‍ക്ക് മുമ്പുതന്നെ രാസവസ്തുക്കള്‍ കലര്‍ത്തി മല്‍സ്യങ്ങള്‍ വന്‍തോതില്‍ കേരളത്തിലെത്തിയിരുന്നു. ഇപ്രകാരം സ്‌റ്റോക്ക് ചെയ്തിട്ടുള്ള മല്‍സ്യങ്ങള്‍ പല മാര്‍ക്കറ്റുകളിലും ഇപ്പോഴും വിറ്റഴിക്കുന്നുണ്ട്. പരിശോധന കര്‍ക്കശമാക്കിയതോടെ ചെക്‌പോസ്റ്റുകള്‍ കടക്കാതെ മറ്റു വഴികളിലൂടെ ഇപ്പോഴും ടണ്‍കണക്കിന് മീനുകള്‍ സംസ്ഥാനത്തേക്ക് എത്തുന്നുണ്ടെന്ന് മല്‍സ്യവ്യാപാരികള്‍ പറയുന്നു.
അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധന തുടരുമ്പോഴും സംസ്ഥാനത്തെ മല്‍സ്യമാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ വേണ്ടരീതിയില്‍ നടക്കുന്നില്ലെന്നതാണ് വസ്തുത. വില്‍പനകേന്ദ്രങ്ങളില്‍ എത്തിക്കുന്ന മല്‍സ്യത്തിന്റെ ഗുണമേന്‍മയിലും യാതൊരു ഉറപ്പുമില്ലാത്ത സ്ഥിതിയാണ്. മല്‍സ്യത്തിനു ക്ഷാമമുണ്ടെന്ന പേരില്‍ വില കുത്തനെ കൂട്ടിയിട്ടും വിപണിയില്‍ മല്‍സ്യം യഥേഷ്ടം ലഭ്യമാണെന്നതും ശ്രദ്ധേയമാണ്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിപണിയിലുള്ളത് ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുള്ള മല്‍സ്യമാണെന്ന ആശങ്ക ശക്തമാണ്.
ട്രോളിങ് നിരോധനത്തിന്റെ മറവില്‍ തമിഴ്‌നാട് ഭാഗത്തു നിന്നും വിശാഖപട്ടണത്തു നിന്നും വന്‍തോതില്‍ മല്‍സ്യം എത്തുന്നുണ്ട്. കേരളതീരങ്ങളില്‍ ചെറുവള്ളങ്ങളില്‍ പിടിക്കുന്ന മല്‍സ്യം വളരെ കുറച്ചു മാത്രമാണ് വിപണിയിലുള്ളത്. സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരുടെ കൈവശം മല്‍സ്യം ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്നാണ് ചെറുകിട വ്യാപാരികള്‍ പറയുന്നത്. വിദൂരങ്ങളില്‍ നിന്ന് എത്തിച്ചിട്ടുള്ള മല്‍സ്യശേഖരം ഫ്രീസറുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top