വിഷമയമായ രാസപദാര്‍ഥങ്ങള്‍ തളിച്ച മല്‍സ്യം വില്‍പന വ്യാപകംആലപ്പുഴ: മല്‍സ്യം കേടുവരാതെ സൂക്ഷിക്കുന്നതിന് പ്രയോഗിക്കുന്ന സോഡിയം ബെന്‍സോയേറ്റ് അടങ്ങിയ വിഷമയമായ രാസപദാര്‍ഥങ്ങള്‍ തളിച്ച മല്‍സ്യങ്ങളുടെ വില്‍പന ജില്ലയില്‍ വ്യാപകം. മല്‍സ്യത്തില്‍ അമോണിയം നൈട്രജന്‍ പെറോക്‌സൈഡ്, അമോണിയം പെറോക്‌സൈഡ് തുടങ്ങിയ രാസവസ്തുക്കളും ചേര്‍ക്കുന്നുവെന്ന പരാതി വ്യാപകമാണ്. ഈ രാസപദാര്‍ഥങ്ങള്‍ ഗുരുതരമായ ധാരാളം രോഗങ്ങള്‍ക്കും ശരീരത്തിലെ കോശങ്ങളുടെ നാശത്തിനും ഇടയാക്കുന്നു. പാര്‍ക്കിന്‍സണ്‍സ് മറ്റു ജനിതക രോഗങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സോഡിയം ബെന്‍സൊയേറ്റും അമോണിയയും മത്സ്യത്തില്‍ ചേര്‍ക്കുന്ന ഐസ് പെട്ടെന്ന് ഉരുകിത്തീരാതെ സൂക്ഷിക്കുന്നു. ഇത്തരം ഐസാണ് മല്‍സ്യം കേടുവരാതെ സൂക്ഷിക്കുന്നത്. മല്‍സ്യം തുറമുഖങ്ങളിലും ചന്തകളിലും ഈ രാസപദാര്‍ത്ഥങ്ങള്‍ മത്സ്യത്തില്‍ സ്‌പ്രേ ചെയ്യുകയോ ഇവയുടെ മിശ്രിതം ചേര്‍ക്കുകയോ ചെയ്യുന്നു. പൊതുദൃഷ്ടിയില്‍ മല്‍സ്യം പുതുമയുള്ളതായും കടുപ്പമുള്ളതായും തോന്നിക്കാനുമാണ് ഇത് ചെയ്യുന്നത്. ഇത്തരം മല്‍സ്യങ്ങള്‍ കേടുവരാതെ ദീര്‍ഘനാള്‍ ഇരിക്കുമെങ്കിലും ഇതുപയോഗിക്കുന്ന വ്യക്തികളുടെ ആരോഗ്യം വളരെ വേഗം കേടു സംഭവിക്കുകയും ചെയ്യുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. മല്‍സ്യം കേടുവരാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ തന്നെ നിര്‍മിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഈ രാസപദാര്‍ഥം എങ്ങനെയാണ് മനുഷ്യശരീരത്തെ ബാധിക്കുന്നതെന്ന് മല്‍സ്യബന്ധനം തൊഴിലാക്കിയിട്ടുള്ളവരുടെയും പൊതുജനങ്ങളുടെയും ഇടയില്‍ ബോധവല്‍കരണം നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാല്‍ ഭക്ഷ്യസുരക്ഷാ അധികൃതര്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുകയാണ്. മായം ചേര്‍ക്കല്‍ തെളിയിക്കപ്പെട്ടാല്‍ അഞ്ച് ലക്ഷം രൂപ പിഴയും ജയില്‍ശിക്ഷയും ഉറപ്പാക്കുന്ന വ്യവസ്ഥയും നിലവിലുണ്ട്.

RELATED STORIES

Share it
Top