വിഷമദ്യം കഴിച്ച് അച്ഛനും മകനും ബന്ധുവും മരിച്ച സംഭവം അറസ്റ്റ് ഇന്ന്; മദ്യത്തില്‍ കലര്‍ന്നത് സയനൈഡ്

മാനന്തവാടി: വിഷമദ്യം കഴിച്ച് അച്ഛനും മകനും ബന്ധുവും മരിച്ച സംഭവത്തില്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. മദ്യത്തില്‍ കലര്‍ന്ന വിഷം പൊട്ടാസ്യം സയനൈഡാണെന്നു തെളിഞ്ഞു. കോഴിക്കോട്ടെ റീജ്യനല്‍ കെമിക്കല്‍ ലാബില്‍ നടത്തിയ മദ്യത്തിന്റെ സാംപിള്‍ പരിശോധനാ ഫലം അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ഫലത്തിനായി അന്വേഷണ സംഘം കാത്തിരിക്കുകയായിരുന്നു.
വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കാവുംകുന്ന് എസ്‌സി കോളനിയിലെ തിഗനായി, മകന്‍ പ്രമോദ്, തിഗനായിയുടെ ഭാര്യാ സഹോദരന്റെ മകന്‍ പ്രസാദ് എന്നിവരാണ് വിഷം കലര്‍ന്ന മദ്യം കഴിച്ച് മരിച്ചത്. തിഗനായിക്ക് വീട്ടില്‍ മദ്യം കൊണ്ടുപോയി കൊടുത്ത സജിത്കുമാറും ഇയാള്‍ക്ക് മദ്യം നല്‍കിയ പറവൂര്‍ സ്വദേശിയായ മാനന്തവാടിയിലെ സ്വര്‍ണാഭരണ തൊഴിലാളി സന്തോഷുമാണ് കസ്റ്റഡിയിലുള്ളത്. സജിത്കുമാറും സന്തോഷും തമ്മിലുള്ള വൈരാഗ്യമാണ് മദ്യദുരന്തിന് വഴിവച്ചതെന്നാണ് പോലിസിന്റെ കണ്ടത്തല്‍. കേരളത്തില്‍ വില്‍പനയില്ലാത്ത മദ്യം സന്തോഷ് കോയമ്പത്തൂരിലുള്ള സുഹൃത്തില്‍ നിന്നാണ് വാങ്ങിയത്.
ഇതില്‍ പിന്നീട് വിഷം കലര്‍ത്തുകയായിരുന്നു. സയനൈഡാണ് മദ്യത്തില്‍ കലര്‍ത്തിയതെന്നു പ്രസാദിനെയും പ്രമോദിനെയും ജില്ലാ ആശുപത്രിയില്‍ പരിശോധിച്ച ഡോക്ടര്‍മാരും സൂചന നല്‍കിയിരുന്നു. മദ്യം കഴിച്ച ഉടന്‍ മൂന്നുപേരും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പൂജാകര്‍മങ്ങള്‍ ചെയ്യുന്ന തിഗനായിയുടെ കുടുംബവുമായി സജിത്തിന് നേരത്തെ തന്നെ അടുത്ത ബന്ധമുണ്ട്. മകളുടെ കൈയില്‍ ചരട് കെട്ടാനായി പോയപ്പോഴാണ് മദ്യം നല്‍കിയത്. ഇതു കഴിച്ചാണ് മൂന്നുപേരും മരിച്ചത്.
തുടക്കത്തില്‍ മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യ അന്വേഷിച്ച കേസ് പിന്നീട് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരേയുള്ള കേസുകള്‍ അന്വേഷിക്കുന്ന എസ്എംഎസിന് (സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ്) കൈമാറിയിരുന്നു.

RELATED STORIES

Share it
Top