വിശ്വാസികളെ കൂട്ടി സര്‍ക്കാരിന് എതിരേ സമരം ചെയ്യാനുള്ള ബിജെപി നീക്കം നടക്കില്ല: കാനം

കൊച്ചി: സുപ്രിംകോടതിയില്‍ റിവ്യൂ ഹരജി എതിരായാലും വിശ്വാസികളെ കൂട്ടി സര്‍ക്കാരിനെതിരേ സമരം ചെയ്യുമെന്നുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയുടെ ആഹ്വാനം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നതിന്റെ ഭാഗമായി എല്‍ഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും കലൂര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
വിശ്വാസം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ അവകാശമാണ്. അതിനെ അക്രമത്തിലൂടെ തടയാന്‍ ശ്രമിക്കുന്നത് നിയമവാഴ്ചയോടുള്ള ലംഘനമാണ്. ശബരിമല വിഷയത്തില്‍ കോടതി വിധിയെ സ്വാഗതം ചെയ്ത ആര്‍എസ്എസ് പിന്നീട് ആദ്യ നിലപാട് തിരുത്തിയത് സര്‍ക്കാരിനെതിരേ സമരത്തില്‍ പങ്കാളിയാവാനാണ്.
അല്ലാതെ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയല്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വെളിവാക്കുന്നത്. ബിജെപിക്കു വേണ്ടി സംസാരിക്കുന്ന നില തുടര്‍ന്നാല്‍ പിന്നെ കോണ്‍ഗ്രസ് കൊടി പിടിക്കാന്‍ ആളുണ്ടാവില്ലെന്നും കാനം രാജേന്ദ്രന്‍ പരിഹസിച്ചു. അമിത്ഷായുടെ ഫാഷിസ്റ്റ് ഭീഷണി വിലപ്പോവില്ല. ബിജെപിക്കെതിരേ അഭിപ്രായപ്രകടനം നടത്തിയാല്‍ അവര്‍ക്കെതിരേ അക്രമം നടത്തുന്ന ശൈലിയെ എല്ലാവരും ചേര്‍ന്ന് എതിര്‍ക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

RELATED STORIES

Share it
Top