വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കണം: കൊടിക്കുന്നില്‍ സുരേഷ് എംപി

തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിക്കുന്നതിനു തയ്യാറാവണമെന്നു കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രിംകോടതി വിധിക്ക് എതിരായി ഉയര്‍ന്നു വന്നിരിക്കുന്ന പ്രതിഷേധം കണക്കിലെടുക്കണം. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മൂലം ശബരിമല കലാപഭൂമിയാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്. തീര്‍ത്ഥാടന കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിശ്വാസികളും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോവുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
ശബരിമല വിഷയത്തില്‍ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ മുതലെടുപ്പ് നടത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നിലപാടുകളില്‍ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ തയ്യാറാവണമെന്നു കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top