വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കണമെന്ന് കെ എം മാണി

കോട്ടയം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പാക്കുമ്പോള്‍ വിശ്വാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. സാധാരണ ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമാണ് ശബരിമല ക്ഷേത്രവും ആചാരങ്ങളും. നൂറ്റാണ്ടുകളായി വിശ്വാസികള്‍ കാത്തുസൂക്ഷിച്ചുപോന്ന ആചാരാനുഷ്ഠാനങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കപ്പെടണം.
അവിടുത്തെ ദേവതാ സങ്കല്‍പവും വ്യത്യസ്തമാണ്. ഒരു കാനന ക്ഷേത്രത്തിന്റെ പരിമിതികള്‍ കൂടി കണക്കിലെടുത്താണ് ശബരിമലയിലെ അനുഷ്ഠാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. സുപ്രിംകോടതി വിധി അംഗീകരിക്കുമ്പോഴും ജനാധിപത്യ സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണം.
ഏതൊരു മതവിഭാഗത്തിന്റെയും ആചാരങ്ങളില്‍ മാറ്റംവരുത്തുമ്പോള്‍ അവരുമായി അഭിപ്രായ സമവായത്തിലെത്തണം. വിധി നടപ്പാക്കുമ്പോള്‍ പ്രദേശത്ത് ഉണ്ടാകാവുന്ന സാമൂഹികപ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി എടുക്കണം. കൂടുതല്‍ വനഭൂമി ലഭിക്കാന്‍ അനുകൂല സാഹചര്യം നിലവിലില്ല. അതിന് അനുസൃതമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് കെ എം മാണി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top