വിശ്വാസത്തെ ഹൃദയത്തില്‍ നിന്ന് മായ്ക്കാന്‍ കോടതിവിധികള്‍ക്കാവില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: വിശ്വാസത്തെ ഹൃദയത്തില്‍ നിന്നു മായ്ച്ചുകളയാന്‍ കോടതിവിധികള്‍ക്കും ഓര്‍ഡിനന്‍സുകള്‍ക്കും കഴിയില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഇസ്‌ലാമിക ശരീഅത്തിനെതിരായ നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മുതലക്കുളം മൈതാനിയില്‍ സമസ്ത ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
ശരീഅത്തിനെതിരായ കോടതികളുടെയും സര്‍ക്കാരുകളുടെയും നീക്കങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാതിരിക്കുന്നത് ദൗര്‍ബല്യമായി ആരും കാണരുത്. മുസ്‌ലിംകളെ ഇവിടെ നിന്ന് ആട്ടിപ്പുറത്താക്കിക്കളയാമെന്നൊന്നും ആരും കരുതേണ്ട. ആ കളിയൊന്നും ഈ നാട്ടില്‍ നടപ്പാവില്ല. ആരുടെയും ഔദാര്യത്തിലല്ല മുസ്‌ലിംകള്‍ ഇവിടെ കഴിയുന്നത്. എല്ലാറ്റിനും നികുതി നല്‍കി തന്നെയാണ്. എന്നും നാടിന്റെ യശ്ശസിനും വികസനത്തിനും വേണ്ടിയാണ് മുസ്‌ലിംകളും നിലകൊണ്ടത്. സ്വാതന്ത്ര്യസമരത്തിലുള്‍പ്പെടെ മുസ്‌ലിം സമുദായം നല്‍കിയ സംഭാവനകളെ മായ്ച്ചുകളയാന്‍ ആര്‍ക്കും കഴിയില്ല. രാഷ്ട്രീയക്കാര്‍ വികസനകാര്യങ്ങള്‍ നടപ്പാക്കിയാല്‍ മതി. മതത്തില്‍ ഇടപെടേണ്ട. എല്ലാകാലത്തും ഭരണം നിലനില്‍ക്കില്ലെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ മനസ്സിലാക്കുന്നതു നന്ന്. ഏത് പാര്‍ട്ടിക്കും അധികാരം ലഭിക്കാന്‍ വിശ്വാസികളുടെ വോട്ട് വേണം. കുഞ്ഞാലിക്കുട്ടിയും മറ്റു മുസ്‌ലിംലീഗ് എംപിമാരും ശരീഅത്തിനെതിരായ നീക്കങ്ങള്‍ക്കെതിരേ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ബനാത്ത്‌വാലയും സേട്ട്‌സാഹിബുമൊക്കെ മുന്‍കാലങ്ങളില്‍ പാര്‍ലമെന്റില്‍ നടത്തിയ ശക്തമായ നീക്കങ്ങളുടെ ഗുണം മുസ്‌ലിം സമുദായത്തിനു കിട്ടിയിട്ടുണ്ട്. പാര്‍ലമെന്റില്‍ കൂടുതല്‍ ശക്തമായി ശരീഅത്തിനായി വാദിക്കാന്‍ മുസ്‌ലിംലീഗ് എംപിമാര്‍ക്ക് കഴിയേണ്ടതുണ്ട്. മുത്ത്വലാഖ് ഇസ്‌ലാമിക നിയമമാണ്. പ്രവാചകന്‍ അനുമതി നല്‍കിയ നിയമം കോടതിയും ഭരണകൂടവും വിചാരിച്ചാല്‍ ഇല്ലാതാവില്ല. മതനിയമങ്ങളുടെ കാര്യത്തില്‍ വിധിപറയുന്നവരും ഭരണകൂടവും ശരീഅത്ത് പണ്ഡിതന്‍മാരോട് കാര്യങ്ങള്‍ വ്യക്തമായി ചോദിച്ചു മനസ്സിലാക്കണം.
വിശുദ്ധ ഖുര്‍ആനും ശരീഅത്തും തോന്നുംപോലെ വ്യാഖ്യാനിക്കുന്നതിനോട് യോജിക്കാനാവില്ല. സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ആരും മുതിരേണ്ട. മുഹമ്മദ് നബിയുടെ കാലത്തു തന്നെ പള്ളികളില്‍ ആരാധനയ്ക്ക് സ്ത്രീകളെത്തുന്നതു തടഞ്ഞിട്ടുണ്ട്. സ്ത്രീയുടെ സുരക്ഷയും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്ന മതമാണ് ഇസ്‌ലാമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്്‌ല്യാര്‍ അധ്യക്ഷനായി. പി കെ കുഞ്ഞാലിക്കുട്ടി എംപി, സൈനുല്‍ ആബിദീന്‍ തങ്ങള്‍ എംഎല്‍എ, അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, സി കെ എം സാദിഖ് മുസ്്‌ല്യാര്‍, എം ടി അബ്ദുല്ല മുസ്്‌ല്യാര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ സംസാരിച്ചു.

RELATED STORIES

Share it
Top