വിശുദ്ധ റമദാന്റെ വരവറിയിച്ച് ഈത്തപ്പഴ മേളകോഴിക്കോട്: വിശുദ്ധ റമദാന്റെ വരവറിയിച്ച് നോമ്പ് തുറയിലെ പ്രധാന വിഭവമായ ഈത്തപ്പഴത്തിന്റെ പ്രദര്‍ശനത്തിനും വില്‍പനയ്ക്കും കോഴിക്കോട്ട് തുടക്കമായി. വിശുദ്ധ ഈത്തപ്പഴമെന്നറിയപ്പെടുന്ന സൗദിയിലെ അല്‍ അജ്‌വ മുതല്‍ കാരക്കയിലെ രാജാവ് എന്നറിയപ്പെടുന്ന ജോര്‍ദാനില്‍ നിന്നുള്ള മെഡ്‌ജോള്‍ വരെ നാല്‍പതിലധികം ഇനം കാരക്കകള്‍ മേളയിലുണ്ട്. സൗദിയില്‍ നിന്നുള്ള കുരുവില്ലാത്ത അല്‍ബദാനയാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ഇത്തരം കാരക്കകള്‍ സാധാരണ സീസണ്‍ കാലങ്ങളില്‍ വില്‍പനയ്‌ക്കെത്താറില്ല. 90 രൂപ വിലയുള്ള ഇറാഖി കാരക്ക മുതല്‍ 6000രൂപ വിലയുള്ള അല്‍ അജ്‌വ വരെ വിവിധ വിലയിലും വലിപ്പത്തിലുമുള്ള കാരക്കകള്‍ മേളയെ സമ്പന്നമാക്കുന്നു. മദീനയുടെ ഒരു പ്രത്യേക ഭാഗത്ത് മാത്രം കണ്ടുവരുന്ന മുസ്്‌ലിം ലോകത്തിന് ഏറെ പ്രിയങ്കരമായ വിശുദ്ധ കാരക്കയെന്നറിയപ്പെടുന്ന ഇനമാണ് അല്‍അജ്‌വ. കുങ്കുമം, ബദാം, ഏലം, തേന്‍ തുടങ്ങിയവ ചേര്‍ത്ത്് പ്രത്യേകം തയ്യാറാക്കിയ അല്‍ അജ്‌വയ്ക്ക് 6000രൂപയാണ് വില.  മിശ്രിതങ്ങളൊന്നുമില്ലാത്ത സാമാന്യം വലിപ്പമുള്ള  മികച്ച ഇനം അല്‍ അജ്‌വ കിലോക്ക് 2400രൂപയ്ക്കും വലിപ്പക്കുറവുള്ള ഇനം 1800രൂപയ്ക്കുമാണ് വില്‍ക്കുന്നത്. മെഡ്‌ജോള്‍ 1600രൂപയ്ക്കും അല്‍ജീരിയന്‍ കാരയ്ക്ക 400രൂപയ്ക്കും ഈജിപ്ഷ്യന്‍ 240രൂപയ്ക്കും ലഭിക്കും. സാധാരണ വിപണിയില്‍ ലഭ്യമായ ഒമാന്‍, ഇറാന്‍, യുഎഇ കാരക്കകള്‍ക്ക് 220മുതല്‍ 400രൂപ വരെയാണ് ഈടാക്കുന്നത്. തുണീസ്യന്‍ കാരയ്ക്കക്ക് 420രൂപയും സൗദിയിലെ അല്‍കുദ്‌രിക്ക് 700രൂപയുമാണ് വില. സൗദി, ജോര്‍ദാന്‍, ഇറാന്‍, ഒമാന്‍, യുഎഇ, അല്‍ജീരിയ, തുണീസ്യ, ഇറാഖ് എന്നിവിടങ്ങളിലേതുള്‍പ്പെടെ അപൂര്‍വ ഇനം ഈത്തപ്പഴങ്ങള്‍ പ്രദര്‍ശനത്തിന്റെ മാറ്റുകൂട്ടുന്നു. വളരെ ചെറിയ കുരുവോട് കൂടിയതും എന്നാല്‍ വലിപ്പത്തില്‍ മുമ്പനുമായ അംബര്‍ (1700രൂപ), ഇറാനില്‍ നിന്നുള്ള തമ്‌റ, സയാര്‍, യസ്‌ന, ഈജിപ്തില്‍ നിന്നുള്ള ഗോള്‍ഡന്‍ വാലി, ഈത്തപ്പഴങ്ങളിലെ താരങ്ങളായ സഅ്ദി, അജ്‌വ ബാഗ്, മറിയം, ഒമാനി, ഷുക്ക്‌റി, സഗായ്, ഫര്‍ദ്, ജുമാറ, ബറാറി, മബ്‌റൂം എന്നിവയും മേളയിലുണ്ട്. വിവിധ വിലയിലും വലിപ്പത്തിലുമുള്ള ഉണക്ക കാരക്കയും മേളയില്‍ ലഭ്യമാണ്. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മേള ജൂണ്‍ രണ്ടിനാണ് സമാപിക്കുക. ഈത്തപ്പഴം കൊണ്ടുള്ള അച്ചാര്‍, പായസം, ഹല്‍വ, ബിസ്‌ക്കറ്റ്, ചോക്ലേറ്റ്, കേക്ക് എന്നിവയും മേളയില്‍ ലഭിക്കും. കോഴിക്കോടന്‍സ് സംഘടിപ്പിക്കുന്ന ആറാമത് ഈത്തപ്പഴമേള മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേളയില്‍നിന്നുള്ള ലാഭവിഹിതം മെഡിക്കല്‍ കോളജിലെ സാന്ത്വന ചികില്‍സാ കേന്ദ്രത്തിന് സംഭാവനയായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

RELATED STORIES

Share it
Top