വിശക്കുന്നവര്‍ക്കിവിടെ ഭക്ഷണം കഴിക്കാം; കൗണ്ടറില്‍ കാഷ്യറുണ്ടാവില്ല

ആലപ്പുഴ: സ്‌നേഹ ജാലകത്തിന്റെ ജനകീയ ഭക്ഷണ ശാല നാളെ ഉച്ചയ്ക്ക് 12.30 ന് തുറക്കും. ദേശീയ പാതയോരത്ത് ആലപ്പുഴ-ചേര്‍ത്തല റൂട്ടില്‍ പാതിരപ്പള്ളിക്കു സമീപമാണ് ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. വിശക്കുന്നവര്‍ക്കും ഇവിടെ വന്നാല്‍ ഊണു ലഭിക്കും. കൈകഴുകി മടങ്ങുമ്പോള്‍ പൂട്ടുള്ള പണപ്പെട്ടിയോ കാഷ്യറോ ഭക്ഷണം കഴിക്കാന്‍ വരുന്നവരെ കാത്തിരിപ്പുണ്ടാവില്ല.
ഓരോരുത്തരുടെയും മനസാക്ഷിയാണ് ഇവിടുത്തെ കാഷ്യര്‍. കൗണ്ടറില്‍ ഒരു ബോക്‌സ് ഉണ്ടാവും. ഉള്ളറിഞ്ഞു ഇഷ്ടമുള്ളത് ഇടാം. ഒന്നും ഇടാന്‍ വകയില്ലാത്തവര്‍ക്കും നിറഞ്ഞ സംതൃപ്തിയോടെ സന്തോഷത്തോടെ മടങ്ങാം. ഈ നിലയിലാവും ഭക്ഷണശാല പ്രവര്‍ത്തിക്കുക. ഓരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിന് കഴിക്കുക. ഓരോരുത്തരും അവരുടെ കഴിവ് അനുസരിച്ചു നല്‍കുക എന്നതാണ് ആശയം. സാമ്പ്രദായിക രീതിയില്‍ നിന്നു മാറിയാണ് ജനകീയ ഭക്ഷണശാലയുടെ ഉദ്ഘാടനവും സംഘടിപ്പിക്കുന്നത്.
ഈ ആശയത്തെ പിന്തുണക്കുന്നവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടാവും ഉദ്ഘാടനം നിര്‍വഹിക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും സാന്ത്വന പ്രവര്‍ത്തകരും പങ്കാളികളാകും. 2000ത്തിലധികം ആളുകള്‍ക്ക് ഒരേസമയം ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്്റ്റീംകിച്ചന്‍ സംവിധാനം പതിനൊന്നേകാല്‍ ലക്ഷം രൂപ മുടക്കിയാണ് സ്ഥാപിച്ചിരിക്കുന്നത്.
ഐആര്‍ടിസിയുടെ സഹായത്തോടെ ഏറ്റവും കുറ്റമറ്റരീതിയിലുള്ള മാലിന്യസംസ്‌കരണ സംവിധാനവും ഏറ്റവും ആധുനികമായ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും ആറുലക്ഷം രൂപാ ചെലവില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടുനിലകളുള്ള  ഭക്ഷണശാലയില്‍ താഴെ സ്റ്റീം കിച്ചണും മുകളില്‍ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും ഭക്ഷണം മുകളില്‍ എത്തിക്കാന്‍ ലിഫ്റ്റ് സംവിധാനവുമുണ്ട്. കെഎസ്എഫ്ഇയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് ഈ സജ്ജീകരണങ്ങള്‍ക്കുള്ള  പണം കണ്ടെത്തിയത്. ഭക്ഷണശാലയുടെ ചുവരുകളില്‍ പാതിരപ്പള്ളി ഹാര്‍മണി ആര്‍ട്ട് ഗ്രൂപ്പിലെ ചിത്രകാരന്മാര്‍ വരച്ച രേഖാചിത്രങ്ങളാണ്. സ്‌നേഹജാലകം പ്രവര്‍ത്തകന്‍ കൂടിയായ സിവിന്‍ചന്ദ്രയാണ് ഭക്ഷണശാലയുടെ രൂപകല്‍പ്പനയും നിര്‍മ്മാണമേല്‍നോട്ടവും നിര്‍വഹിച്ചിട്ടുള്ളത്.
സ്‌നേഹജാലകം പ്രവര്‍ത്തകന്‍ കൂടിയായ എ രാജു വെളിയിലാണ് ഭക്ഷണശാല നിര്‍മ്മിക്കുന്നതിനായി ദേശീയപാതയോരത്ത് സ്ഥലം വിട്ടുതന്നത്. ഭക്ഷണശാലയോട് ചേര്‍ന്നു സജീവന്റെ രണ്ടരയേക്കര്‍ പുരയിടത്തില്‍ ഭക്ഷണശാലക്കാവശ്യമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി ജൈവകൃഷിത്തോട്ടം ഒരുക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കൃഷിത്തോട്ടം സന്ദര്‍ശിക്കാനും പച്ചക്കറികള്‍ വാങ്ങാനുമുള്ള സൗകര്യവും ഒരുക്കും. അടുത്ത ദിവസങ്ങളില്‍ ഇതുപോലുള്ള ഭക്ഷണശാലകള്‍ മാരാരിക്കുളത്ത് മറ്റു ചില കേന്ദ്രങ്ങളിലും ആലപ്പുഴ പട്ടണത്തിലും ആരംഭിക്കാനാവും.
2010 ലെ ബജറ്റു മുതല്‍ വിശപ്പുരഹിത പദ്ധതി പലവട്ടം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇതാദ്യമായി പ്രായോഗികതലത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നത് ആലപ്പുഴയിലാണ്. ഈ മാതൃക കേരളമെമ്പാടും വ്യാപിപ്പിക്കുമെന്ന് 2018-19 ലെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top