വിവേകാനന്ദ സ്പര്‍ശം ജില്ലാതല ഉദ്ഘാടനം 19ന്; വിപുലമായ പരിപാടികള്‍

ആലപ്പുഴ: സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍  സംഘടിപ്പിക്കുന്ന വിവേകാനന്ദ സ്പര്‍ശം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും സാംസ്‌കാരിക പരിപാടികളും സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള മല്‍സരങ്ങളും  19ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കും. ജില്ലയില്‍ വിപുലമായ ജനപങ്കാളിത്തത്തോടെ പരിപാടി സംഘടിപ്പിക്കാന്‍ കലക്ടറേറ്റില്‍ സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് എം ഡി ദീപ ഡി നായരുടെ അധ്യക്ഷതയില്‍ കൂടിയ സംഘാടക സമിതി യോഗം തീരുമാനിച്ചു. പ്ലസ് ടു, കോളജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസം, ക്വിസ് മല്‍സരങ്ങള്‍ നടത്തും. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തില്‍ കഥാപ്രസംഗം, നാടകം എന്നിവ അരങ്ങേറും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ, സാക്ഷരതാ മിഷന്‍, ആലപ്പുഴ പ്രസ്‌ക്ലബ്, രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകള്‍, സ്മാരക സമിതികള്‍, എന്‍സിസി, എന്‍എസ്എസ്, സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റ്, കോളജുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക. ഡിസംബര്‍ 19ന് രാവിലെ 9.30ന് സ്‌കൂളുകളില്‍ പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ പ്രാധാന്യം വിശദീകരിക്കും. ഇതു സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. തകഴി, ആശാന്‍, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതികളുടെയും ലൈബ്രറി കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാനചലച്ചിത്ര വികസന കോര്‍പറേഷന്‍  മാനേജിങ് ഡയറക്ടര്‍ വിശദീകരിച്ചു. പരിപാടികളുടെ നടത്തിപ്പിന് ജില്ലാ കലക്ടര്‍ ടി വി അനുപമ ചെയര്‍മാനായ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. എഡിഎം മോന്‍സി മോന്‍സി പി അലക്‌സാണ്ടര്‍, ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ എസ് നായര്‍, രാമകൃഷ്ണ മഠാധിപതി സ്വാമി ഭൂവനത്മാനന്ദ, കല്ലേലി രാഘവന്‍പിള്ള,  ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, ആലപ്പുഴ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജി മനോജ് കുമാര്‍, ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ ജലജ ചന്ദ്രന്‍, പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ എ അരുണ്‍കുമാര്‍  സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ടി സെബാസ്റ്റ്യന്‍, ഷില്‍ജ സലീം, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ സുമ, ജമീല പുരുഷോത്തമന്‍, പ്രസ് ക്ലബ് ഭാരവാഹികളായ  വി എസ് ഉമേഷ്, ജി ഹരികൃഷ്ണന്‍, എഡിസി ജനറല്‍ പ്രദീപ് കുമാര്‍, സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷീന ജോര്‍ജ്ജ്, കുമാരനാശന്‍ സ്മാരക സമിതി സെക്രട്ടറി  പ്രാഫ. കെ ഖാന്‍, അലിയാര്‍ എം മാക്കിയില്‍, മാലൂര്‍ ശ്രീധരന്‍, ശാസ്ത്ര സാഹിത്യ ജില്ലാ പരിഷത്ത് പ്രസിഡന്റ് എന്‍ ആര്‍ ബാലകൃഷ്ണന്‍, ജവഹര്‍ ബാലഭവന്‍ ഡയറക്ടര്‍ എസ് വാഹിദ, കുഞ്ചന്‍ സ്മാരക സെക്രട്ടറി വിപിന്‍ദാസ്, വിവിധ വകുപ്പു മേധാവികള്‍, രാഷ്ട്രീയ കക്ഷി-സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top