വിവിധ കേസുകളില്‍ ആറുപേരെ ഒറ്റപ്പാലം പോലിസ് പിടികൂടി

ഒറ്റപ്പാലം: വര്‍ഷങ്ങളോളം തീര്‍പ്പാകാതെ കിടന്ന കേസുകളില്‍ ആറുപ്രതികളെ ഒറ്റപ്പാലം പോലിസ് അറസ്റ്റ് ചെയ്തു. പാലപ്പുറം മറ്റത്തില്‍ വീട്ടില്‍ ജയമോന്‍(40),ഒറ്റപ്പാലം ആര്‍എസ് റോഡ് കാഞ്ഞിരപ്പുലാക്കല്‍ ബാലന്‍(60), അകലൂര്‍ കിഴക്കേപ്പാട്ട് വി പി നാരായണന്‍(54), അമ്പലപ്പാറ ചേരിക്കോട്ടില്‍ സലീം(60), ഷൊര്‍ണ്ണൂര്‍ കവളപ്പാറ കണ്ടാനശ്ശേരി രവീന്ദ്രന്‍(60), മലപ്പുറം ഊരകം മാവുങ്ങല്‍ വീട്ടില്‍ ജുനൈദ് (40) എന്നിവരെയാണ് പോലിസ് വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്തത്.
കേസുകള്‍ തീര്‍പ്പാക്കാനായി രൂപീകരിച്ച പ്രത്യേക പോലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 22 പ്രതികളെയാണ് സിഐ പി അബ്ദുല്‍ മുനീറും എസ്‌ഐ ആദംഖാനും നേതൃത്വം നല്‍കുന്ന സംഘം ഇതുവരെ പിടികൂടിയിട്ടുള്ളത്. ഗള്‍ഫില്‍ പോകാന്‍ വിസ ശരിയാക്കിത്തരമെന്ന് പറഞ്ഞ് 30000 രൂപ തട്ടിയ കേസിലാണ് മാവുങ്ങല്‍ വീട്ടില്‍ ജുനൈദിനെ പോലിസ് അറസ്റ്റ് ചെയ്തത്.
2010ല്‍ അകലൂര്‍ സ്വദേശി ശ്രീപ്രകാശിനെ പറ്റിച്ച കേസിലാണ് അറസ്റ്റ്. 2003ല്‍ ബന്ധുവിന്റെ കൈയ്യില്‍ നിന്നും 60000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത കേസിലാണ് കിഴക്കേപ്പാട്ട് വി പി നാരായണനെ പോലിസ് അറസ്റ്റ് ചെയതത്. 15 വര്‍ഷത്തിന് ശേഷം ആന്ധ്രയിലെ ചിറ്റൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
2008ല്‍ മോഷണശ്രമമെന്ന രീതിയില്‍ സംശയാസ്പദമായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുക്കുകയും പിന്നീട് മുങ്ങി നടക്കുകയും ചെയ്ത കേസിലാണ് ജയമോന്‍ അറസ്റ്റിലായത്. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കാഞ്ഞിരപ്പുലാക്കല്‍ ബാലന്‍, ചേരിക്കോട്ടില്‍ സലീം, കണ്ടാനശ്ശേരി രവീന്ദ്രന്‍ എന്നിവരെ വ്യത്യസ്ഥ അടിക്കേസുകളിലാണ് അറസ്റ്റ് ചെയ്തത്.
സിഐക്കും എസ്‌ഐയ്ക്കുമൊപ്പം മുകുന്ദകുമാര്‍, കെ സി പ്രദീപ് കുമാര്‍, പി വി പ്രദീപ്, പി എസ് സലീം, ലത്തീഫ്, സുനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top