വിവാഹ തട്ടിപ്പു കേസില്‍ യുവാവ് അറസ്റ്റില്‍മാന്നാര്‍: ആദ്യ വിവാഹം മറച്ചുവച്ച് ഇടുക്കി സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച കേസില്‍ ചെന്നിത്തല സ്വദേശിയായ യുവാവിനെ പോലിസ് അറസ്റ്റു ചെയ്തു. ചെന്നിത്തല തൃപ്പെരുംതുറ വേണാട്ട് വിട്ടില്‍ ബിനോയ് വര്‍ഗീസ് (37) നെയാണ് മാന്നാര്‍ പോലിസ് ഇടുക്കിയില്‍ നിന്ന് അറസ്റ്റു ചെയ്തത്.കേസിനെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: തിരുവല്ലാ മേപ്രാല്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് രണ്ട് കുട്ടികളോടോപ്പം താമസിച്ചു വരവേ രണ്ട് വര്‍ഷം മുന്‍പ് ജോലിക്കായ് വിദേശത്തേക്ക് പോയിരുന്നു. ഈയിടെ നാട്ടില്‍ വന്ന ശേഷം ഇറാനില്‍ പോവുകയാണെന്നു പറഞ്ഞ് വിട്ടില്‍ നിന്നും പോയ ബിനോയ് വര്‍ഗിസ് ഇടുക്കി സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് ഇടുക്കിയില്‍ യുവതിയൊടോപ്പം താമസിക്കുകയായിരുന്നു. ഇറാനില്‍ പോയ ഭര്‍ത്താവിനെക്കുറിച്ച് വിവരം ഒന്നും അറിയാന്‍ കഴിയാതെ വന്നതോടെ ആദ്യ ഭാര്യ മാന്നാര്‍ പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കിയില്‍ നിന്നും പ്രതിയെ പിടികൂടിയത്. രണ്ടാം ഭാര്യയായ ഇടുക്കി സ്വദേശിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മാന്നാര്‍ എസ്‌ഐ കെ ശ്രിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ  അറസ്റ്റു ചെയ്തത്.

RELATED STORIES

Share it
Top