വിവാഹേതര ബന്ധം: യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

ഗോമതി: വിവാഹേതരബന്ധം പുലര്‍ത്തിയെന്നാരോപിച്ച് യുവതിയെ ആള്‍ക്കൂട്ടം മരത്തില്‍ കെട്ടിയിട്ടു മര്‍ദിക്കുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്തു. ഗോമതി ജില്ലയിലെ പുര്‍ഭാ രംഗമതി ഗ്രാമത്തിലാണു സംഭവം. സ്ഥലത്തെത്തിയ പോലിസ് ആക്രമണം നടത്തിയ ആളുകള്‍ക്കെതിരേ കേസെടുത്തില്ല.
എന്നാല്‍, യുവതിയുമായി ബന്ധമുണ്ടെന്നാരോപിക്കുന്ന രഞ്ജിത് ദാസെന്ന യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. യുവതിയുമായി ഒരുമിച്ചു കണ്ടതിനെ തുടര്‍ന്ന് ദാസുമായി ഭാര്യ വഴക്കിട്ടിരുന്നു. കലഹത്തിനിടെ പരിക്കേറ്റ ഭാര്യ കഴിഞ്ഞദിവസം മരിച്ചു. ഇതിനെ തുടര്‍ന്ന് സംഘടിച്ചെത്തിയ നാട്ടുകാര്‍ ദാസുമായി ബന്ധമുണ്ടെന്നാരോപിക്കുന്ന യുവതിയെ പണിസ്ഥലത്ത് നിന്നു പിടികൂടുകയും മരത്തില്‍ കെട്ടിയിടുകയും ചെരിപ്പുമാല അണിയിക്കുകയുമായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് ബോധരഹിതയായ യുവതിയെ സ്ഥലത്തെത്തിയ പോലിസാണ് രക്ഷപ്പെടുത്തിയത്. എഴുതാനറിയാത്ത യുവതിയുടെ പരാതി വാമൊഴിയായി സ്വീകരിച്ചിട്ടുണ്ടെന്നും ആക്രമിച്ച പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്നാണു പ്രതീക്ഷയെന്നും ഗോമതി അഡീഷനല്‍ പോലിസ് സൂപ്രണ്ട് നബദീപ് ജമാട്ടിയ പറഞ്ഞു.

RELATED STORIES

Share it
Top