വിവാഹേതര ബന്ധം ആത്മഹത്യാ പ്രേരണക്കുറ്റമായി കണക്കാക്കാനാവില്ല

ചെന്നൈ: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ഭാര്യയുടെ ആത്മഹത്യക്കുള്ള പ്രേരണക്കുറ്റമായി കണക്കാക്കാനാവില്ലെന്നു മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ ക്രൂരതയില്‍ നിന്നു ഭാര്യക്ക് സംരക്ഷണം നല്‍കുന്ന സെക്ഷന്‍ 498 എയുടെ പരിധിയില്‍ വിവാഹേതര ബന്ധം വരില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
സേലം സ്വദേശിയായ യുവാവിനു മേല്‍ കീഴ്‌ക്കോടതി ചുമത്തിയിരുന്ന കുറ്റങ്ങള്‍ റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ആത്മഹത്യാ പ്രേരണയ്ക്കു മൂന്നു വര്‍ഷത്തേക്ക് സേലം സ്വദേശിയായ മാണിക്യം എന്ന യുവാവിനെ കീഴ്‌ക്കോടതി തടവിന് ശിക്ഷിച്ചിരുന്നു. ഈ ശിക്ഷാ നടപടി ഹൈക്കോടതി എടുത്തുകളഞ്ഞു. ആത്മഹത്യാ പ്രേരണക്കുറ്റം ചെയ്‌തെന്നു തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭര്‍ത്താവിനെ ശിക്ഷിക്കാനാവില്ലെന്നു ജസ്റ്റിസ് എസ് വൈദ്യനാഥന്‍ നിരീക്ഷിച്ചു.
വിവാഹേതര ബന്ധം ആരോപിച്ചാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്നതിനാല്‍ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നു കാണിച്ചാണ് കീഴ്‌ക്കോടതി യുവാവിനെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചത്. എന്നാല്‍, ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ വാദിഭാഗത്തിന് ഹാജരാക്കാനായില്ല.
2003 ഒക്ടോബര്‍ 23നാണ് മാണിക്യത്തിന്റെ ഭാര്യ 18 മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.

RELATED STORIES

Share it
Top