വിവാഹാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ 15കാരിയെ യുവാവ് കുത്തിക്കൊന്നു

തിരൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ച 15കാരിയെ ബംഗാളി യുവാവ് കുത്തിക്കൊന്നു. പ്രതി അറസ്റ്റില്‍. തിരൂര്‍ മുത്തൂര്‍ വിഷുപ്പാടത്തിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബംഗാള്‍ കല്‍ക്കത്ത സ്വദേശി സാത്തി ബീവിയുടെ മകള്‍ സാമിന ഖാത്തൂനെ (15)യാണ് പിതാവിന്റെ ബന്ധു കൂടിയായ ഷാദത്ത് ഹുസൈന്‍ (24) കുത്തിക്കൊന്നത്. ഇന്നലെ ഉച്ചക്ക് 12.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം.
കോണ്‍ക്രീറ്റ് തൊഴിലാളികളായി കേരളത്തിലെത്തിയതാണ് ഇവര്‍. തുടര്‍ന്ന് മാസങ്ങളായി മുത്തൂരിലെ വാടകവീട്ടില്‍ താമസിച്ചുവരുകയായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം അടുത്തിടെ കോഴിക്കോട്ടുള്ള യുവാവുമായി ഉറപ്പിച്ചിരുന്നു. വെള്ളിയാഴ്ച വീട്ടിലുള്ളവര്‍ ജോലിക്കു പോയ സമയത്ത് മദ്യപിച്ചെത്തിയ ഷാദത്ത് പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തുകയും നിശ്ചയിച്ച വിവാഹത്തില്‍ നിന്നു പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് നിരസിച്ചതില്‍ രോഷാകുലനായ യുവാവ് കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. വലതു നെഞ്ചിലും വലതു ഭാഗത്തും കുത്തേറ്റ് ഓടിയ പെണ്‍കുട്ടി മുറിയില്‍ വീണപ്പോള്‍ ഇടതു കാലിനും കുത്തി. ബഹളം കേട്ട് ഓടികൂടിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
തിരൂര്‍ നഗരസഭാ കൗണ്‍ സിലര്‍ സാബിറയുടെ ഭര്‍ത്താവ് മന്‍സൂറിന്റെ മുന്നിലാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സാദത്ത് എത്തിയത്. യുവാവിനെ സൂത്രത്തില്‍ തന്റെ ബൈക്കില്‍ കയറ്റി സുഹൃത്തായ കൈനിക്കര വഹാബിന്റെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് ഇരുവരും തിരൂര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

RELATED STORIES

Share it
Top