വിവാഹസംഘത്തെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

കൊണ്ടോട്ടി: ജ്യേഷ്ഠന്‍ നല്‍കാനുള്ള പണം തിരിച്ചുപിടിക്കാന്‍ അനിയന്റെ വിവാഹസംഘത്തെ തടഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ നടുറോഡില്‍ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. ആലുവ മാറംപള്ളി തോണിപ്പറമ്പില്‍ ജംഷാബ് (23), കാക്കനാട് തൃക്കാക്കര കാളമ്പാട്ട് ആദര്‍ശ് (19), പറവൂര്‍ സ്രാമ്പിക്കല്‍ മനു ആന്റണി (19) എന്നിവരെയാണ് കൊണ്ടോട്ടി പോലിസ് അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍ നല്‍കിയ മോങ്ങം സ്വദേശി നിയാസിനെ പോലിസ് തിരയുന്നു. പ്രതികളില്‍ നിന്ന് ബോംബെന്നു തോന്നിക്കുന്ന വസ്തുക്കളും പോലിസ് കസ്റ്റഡിയിലെടുത്തു. മോങ്ങം കുയിലിക്കുന്നില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. മോങ്ങം സ്വദേശിയായ നിയാസ് നല്‍കാനുള്ള രണ്ടു ലക്ഷം രൂപ യ്ക്കു വേണ്ടിയാണ് പ്രതിയായ നിയാസ് എറണാകുളത്തുള്ള സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. നിയാസിന്റെ സഹോദരന്റെ വിവാഹമായിരുന്നു ഞായറാഴ്ച. വീട്ടില്‍ നിന്ന് കുടുംബം ഓഡിറ്റോറിയത്തിലേക്കിറങ്ങിയ സമയത്താണ് കാറിലും ബൈക്കിലുമെത്തിയ സംഘം വാഹനം തടഞ്ഞത്. സ്ത്രീകളെയും മറ്റും വലിച്ചിറക്കിയ സംഘം വ്യാജ ബോംബ് കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കല്ല് ടവ്വലില്‍ പൊതിഞ്ഞ് ചണനാരുകൊണ്ട് ചുറ്റിവരിഞ്ഞാണ് വ്യാജ ബോംബ് നിര്‍മിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. സ്ത്രീകളുടെ ആഭരണങ്ങള്‍ പിടിച്ചുപറിക്കാനും ശ്രമം നടന്നു. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് കൊണ്ടോട്ടി പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ നിയാസ് എന്നയാളാണ് തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പിടിയിലായവര്‍ പറഞ്ഞു. നിയാസിന് പലരുമായും സാമ്പത്തിക ഇടപാടുണ്ടെന്ന് പോലിസ് പറഞ്ഞു. പണം ഈടാക്കാനായി സഹോദരന്റെ വിവാഹം മുടക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അറസ്റ്റിലായ പ്രതികളെ മലപ്പുറം കോടതി റിമാന്‍ഡ് ചെയ്തു. കൊണ്ടോട്ടി പോലിസ് ഇന്‍സ്‌പെക്ടര്‍ എം മുഹമ്മദ് ഹനീഫ, എസ്‌ഐ ജാബിര്‍, എഎസ്‌ഐ സുലൈമാന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.RELATED STORIES

Share it
Top