വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

ചാവക്കാട്: വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ പീഡിപ്പിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുത്ത കേസില്‍ യുവാവിനെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ എറിയാട് യൂബസാര്‍ കല്ലുങ്ങ ല്‍ അയ്യൂബി (41)നെയാണ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാര്‍, എസ്‌ഐ കെ വി മാധവന്‍, എഎസ്‌ഐ അനില്‍ മാത്യു, സിപിഒമാരായ ശ്രീനാഥ്, ഗിരീഷ്, ജയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. എടക്കഴിയൂര്‍ സ്വദേശിനിയായ 40കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരില്‍ നിന്ന് അഞ്ചു ലക്ഷം രൂപയും 15 പവന്‍ സ്വര്‍ണാഭരണവും ഇയാള്‍ തട്ടിയെടുത്തതായാണ് പരാതി.
2016ലാണ് കേസിനാസ്പദമായ സംഭവം. ചാവക്കാട് മേഖലയില്‍ പത്തോളം സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ച് പണം തട്ടിയെടുത്തിരുന്നതായി പോലിസ് പറഞ്ഞു. പലരുടെയും നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. വിധവകളും ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകളുമാണ് ഇയാളുടെ പ്രധാന ഇരകള്‍.
സ്ത്രീകളില്‍ നിന്നു തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് രണ്ടു കാറുകളും ഇയാള്‍ വാങ്ങിയിട്ടുണ്ട്. കാറ്ററിങ് തൊഴിലാളിയായ അയ്യൂബിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top