വിവാഹമോചന ശേഷം കേസെടുക്കാനാവില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: വിവാഹമോചനത്തിന് ശേഷം മുന്‍ ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരേ സ്ത്രീധന പീഡന പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് സുപ്രിംകോടതി. ദമ്പതികള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതിനു ശേഷം നല്‍കുന്ന പരാതികളില്‍ 1961ലെ സ്ത്രീധന നിരോധന നിയമത്തിലെ വ്യവസ്ഥകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പും നിലനില്‍ക്കില്ലെന്നാണ് ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് മുന്‍ ഭര്‍ത്താവ് നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. യുവതിയുടെ മുന്‍ ഭര്‍ത്താവും കുടുംബവും നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയതോടെയാണ് ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. യുവതിയുടെ പരാതിയില്‍ മുന്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരേ ഉത്തര്‍പ്രദേശിലെ ജലൗനി പോലിസ് കേസെടുത്തിരുന്നു. ഈ കേസുകള്‍ റദ്ദാക്കിയ സുപ്രിം കോടതി മുഴുവന്‍ പേരെയും വെറുതെവിട്ട് ഉത്തരവായി. നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തിയവര്‍ നിയമത്തിനു മുന്നില്‍ ഭാര്യാഭര്‍ത്താക്കന്‍മാരല്ല. ഐപിസി 498 എയില്‍ സ്ത്രീയുടെ ഭര്‍ത്താവ്, അല്ലെങ്കില്‍ ഭര്‍തൃവീട്ടുകാര്‍ എന്ന് എടുത്തുപറയുന്നുണ്ട്. ഇക്കാരണത്താല്‍ മുന്‍ ഭര്‍ത്താവിനോ ബന്ധുക്കള്‍ക്കോ എതിരേ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം സ്ത്രീധനപീഡന നിയമപ്രകാരം പരാതി നല്‍കിയാല്‍ അത് നിലനില്‍ക്കില്ലെന്നാണ് വിധിയില്‍ പറയുന്നത്. ദമ്പതികള്‍ നാലുവര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പെടുത്തിയവരായതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top