വിവാഹപ്രായം

പെണ്‍കുട്ടികള്‍ വിവാഹിതരാവുന്നതിനു 18 വയസ്സു പൂര്‍ത്തിയാക്കണമെന്ന നിയമം ഇന്ത്യയടക്കം പല രാജ്യങ്ങളിലുമുണ്ട്. എന്നാല്‍, ഇങ്ങനെയൊരു പ്രായപരിധി വയ്ക്കുന്നതിനു ശാസ്ത്രീയമായി വലിയ ന്യായീകരണങ്ങളുണ്ടെന്നു പറയാന്‍പറ്റില്ല. ഓരോ സമൂഹവും അപ്പപ്പോഴുള്ള പൊതുധാരണകളനുസരിച്ച് ഒരു പ്രായമങ്ങു നിശ്ചയിക്കുന്നുവെന്നു മാത്രം. ഉദാഹരണത്തിന് അമേരിക്ക. കുറ്റകൃത്യങ്ങള്‍ക്കു വ്യത്യസ്ത ശിക്ഷകളുള്ളതുപോലെ പല അമേരിക്കന്‍ സംസ്ഥാനങ്ങളിലും വിവാഹപ്രായം പലതരത്തിലാണ്. അലബാമയില്‍ നിന്നുള്ള റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഈയിടെ സെനറ്റിലേക്കു മല്‍സരിച്ചപ്പോള്‍ അയാള്‍ക്കെതിരേയുണ്ടായ ഒരു പ്രചാരണം ടിയാന്‍ തന്നേക്കാള്‍ പകുതിയിലേറെ പ്രായം കുറഞ്ഞ ഒരുവളെ കല്യാണം കഴിച്ചുവെന്നതായിരുന്നു. കഴമ്പില്ലാത്ത ആരോപണമായിരുന്നുവത്. കാരണം, അലബാമയില്‍ 14 വയസ്സാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം. അതിപ്പോള്‍ 16 വയസ്സായി. മറ്റു പല സംസ്ഥാനങ്ങളിലും അതേ അവസ്ഥയാണുള്ളത്. നിയമപരമായി മൈനര്‍മാര്‍ എന്നു കരുതപ്പെടുന്ന പെണ്‍കുട്ടികളുടെ വിവാഹം മാതാപിതാക്കളുടെ അനുവാദമുണ്ടെങ്കില്‍ അനുവദിക്കുന്ന പല സംസ്ഥാനങ്ങളുമുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ വിവാഹം വിലക്കുന്നതിനെതിരേ രംഗത്തുവരുന്നവര്‍ എപ്പോഴും മതവിശ്വാസികളാവണമെന്നില്ല. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയനും കുടുംബാസൂത്രണം പ്രോല്‍സാഹിപ്പിക്കുന്ന പ്ലാന്‍ഡ് പാരന്റ്ഹുഡും വിലക്കു വേണ്ടെന്നു പറയുന്നു. മറ്റു രാജ്യങ്ങളിലും പ്രായത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ കാണാം.

RELATED STORIES

Share it
Top