വിവാഹപ്പന്തല്‍ ഉയരേണ്ട വീട് കണ്ണീര്‍ പന്തലായി

മുജീബ് ചേളാരി
തേഞ്ഞിപ്പലം: മെയ് 6ന് മണവാട്ടിയാവേണ്ട ഭാഗ്യ ഇന്ന് ജീവനോടെയില്ല. വിവാഹാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്ന ഭാഗ്യയുടെ വീട്ടില്‍ വിവാഹപന്തലിന് പകരം ഉയര്‍ന്നത് കണ്ണീര്‍ പന്തല്‍. ഇന്നലെയായിരുന്നു നാടിടെ സങ്കടത്തിലാക്കിയ അപകടം നടന്നത്. സ്ഥിരം അപകട മേഖലയായ പാണമ്പ്രയിലായിരുന്നു അപകടം. കിഴിശ്ശേരി സ്വദേശി ഷൈജുവുമായി എട്ടുമാസങ്ങള്‍ക്ക് മുമ്പാണ് ഭാഗ്യയുടെ വിവാഹം ഉറപ്പിച്ചത്.
ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ചു ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതിടെ വാഹനാപകടത്തിന്റെ രൂപത്തില്‍ ഭാഗ്യയെ മരണം തട്ടിയെടുക്കുകയായിരുന്നു. വിവാഹത്തിന് കഴിഞ്ഞ 26നാണ് വിദേശത്തുനിന്ന് പ്രതിശ്രൂത വരനായ ഷൈജു നാട്ടില്‍ എത്തിയത്.
വിവാഹത്തിന് മുന്നോടിയായി ഭാഗ്യയെ  വീട്ടില്‍ നിന്നു കൂട്ടി ഇരുവരും കോഴിക്കോട് ഭാഗത്തേക്ക് പുറപ്പെടുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ചോരയില്‍ കുളിച്ചുകിടക്കുന്ന ഇരുവരെയും തിരിച്ചറിയാന്‍ നാട്ടുകാര്‍ക്കും കഴിഞ്ഞില്ല. രണ്ടു പേരുടെയും മൊബൈല്‍ ഫോണും ചോരയില്‍ മുങ്ങി കിടക്കുകയായിരുന്നു. പാസ്‌വേഡ് ഉപയോഗിച്ചുള്ള ലോക്ക് ആയതിനാല്‍ തുറക്കാനും കഴിഞ്ഞില്ല. ഒടുവില്‍ ഭാഗ്യയുടെ മൊബൈലില്‍നിന്ന് സിംകാര്‍ഡ് എടുത്ത് മറ്റൊരാളുടെ ഫോണിലേക്കിട്ട് വിളിച്ചാണ് ബന്ധുക്കളോട് അപകട വിവരം പറഞ്ഞത്. ഇരുവരും ഷോപ്പിങ്ങിന് പുറപ്പെട്ടതാവാമെന്നാണ് നിഗമനം. ഷൈജുവാണ് കാറോടിച്ചിരുന്നത്.
ഭാഗ്യയുടെ മരണം രാത്രി വൈകിയും വീട്ടില്‍ അറിയിച്ചിരുന്നില്ല. ഷൈജു അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

RELATED STORIES

Share it
Top