വിവാഹത്തിന് കാള ഇറച്ചി വിളമ്പിയെന്ന് ആരോപണം;ന്യൂനപക്ഷ സമുദായക്കാരന് മര്‍ദ്ദനംറാഞ്ചി: മകന്റെ വിവാഹത്തിന് കാളയുടെ ഇറച്ചി വിളമ്പിയെന്നാരോപിച്ച് ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടയാളെ മര്‍ദ്ദിച്ചു. ജാര്‍ഖണ്ഡിലെ കൊദര്‍മ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. നവാദിഹ് ഗ്രാമത്തിലെ ജുമ്മന്‍ മിയാന്‍ എന്നയാളെയാണ് ഒരുസംഘം ക്രൂരമായി മര്‍ദ്ദിച്ചത്.തിങ്കളാഴ്ച രാത്രി മകന്റെ വിവാഹത്തിന്റെ റിസപ്ഷന്‍ നടന്നിരുന്നു. അടുത്ത ദിവസം അവിടെയെത്തിയ സംഘം ഗ്രാമത്തില്‍ മാംസത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടു. ഇത് കാളയുടെ മാംസമാണെന്ന് ആരോപിച്ച് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.തുടര്‍ന്ന് അവര്‍ ജുമ്മന്‍ മിയാനിന്റെയും അയല്‍വാസികളുടെയും വീടുകള്‍ കൊള്ളയടിച്ചു.സമീപത്തെ ആരാധനാലയത്തിന് നേരെയും ആക്രമണം നടത്തി. ഇതിന് പിന്നാലെ സ്ഥലത്തേക്ക് കൂടുതല്‍ പോലീസ് എത്തിയപ്പോള്‍ അക്രമികള്‍ കല്ലേറ് നടത്തി. വാഹനങ്ങള്‍ തകര്‍ത്തു. തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ് നടത്തി.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അക്രമവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിതിഗതികള്‍ ശാന്തമാണെന്നും പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചതായും കൊദെര്‍മ എസ് പി ശിവാനി തിവാരി പറഞ്ഞു.

RELATED STORIES

Share it
Top