വിവാഹത്തലേന്ന് പിതാവ് മകളെ കൊലപ്പെടുത്തി

അരീക്കോട്:  വിവാഹ തലേന്ന് പിതാവ് മകളെ കുത്തിക്കൊലപ്പെടുത്തി. കീഴുപറമ്പ് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങല്‍ ആതിര രാജ് (21) ആണ് പിതാവ് രാജന്റെ കുത്തേറ്റ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. ആതിരയുടെ വിവാഹം ഇന്ന് അരീക്കോട് സാളിഗ്രാം അമ്പലത്തില്‍ നടക്കാനിരിക്കെയാണ് കൊലപാതകം.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഫിസിയോ തെറാപ്പിസ്റ്റാണ്  കൊല്ലപ്പെട്ട ആതിര. ആതിരയും കോഴിക്കോട് പന്തലായനി സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. വ്യത്യസ്ത ജാതിയില്‍ പെട്ടവരായതിനാല്‍ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. അവസാനം ബന്ധുക്കള്‍ വിവാഹത്തിനു സമ്മതിച്ചു. എന്നാല്‍ വിവാഹത്തലേന്നും പ്രണയം സംബന്ധിച്ച് ആതിരയുമായി രാജന്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ രാജന്‍ മകളെ കുത്തുകയായിരുന്നു. കുത്തേറ്റ ആതിര പ്രാണരക്ഷാര്‍ഥം സമീപത്തെ  വീട്ടിലേക്ക്  ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്ന രാജന്‍ കുത്തിക്കൊല്ലുകയായിരുന്നു.
രാജനെ  അരീക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മാതാവ്: സുനിത. സഹോദരങ്ങള്‍: അശിന്‍ രാജ്, അതുല്‍ രാജ്.

RELATED STORIES

Share it
Top