വിവാദ സിനിമാ പ്രദര്‍ശനം: ജെഎന്‍യുവില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: ലൗ ജിഹാദിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന സിനിമ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎന്‍യു) പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം ഒരുവിഭാഗം വിദ്യാര്‍ഥികള്‍ തടഞ്ഞു. ഗ്ലോബല്‍ ഇന്ത്യന്‍ ഫൗണ്ടേഷനും ജെഎന്‍യുവിലെ വിവേകാനന്ദ വിചാര്‍ മഞ്ചുമാണ്“ഇന്‍ ദി നെയിം ഓഫ് ലൗ മെലാഞ്ചലി ഓഫ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി”എന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത്. ലൗ ജിഹാദും കേരളത്തിലെ പെണ്‍കുട്ടികളുടെ മതപരിവര്‍ത്തനവും വിഷയമായ ചിത്രം സംവിധാനം ചെയ്തത് സുദിപേതാ സെന്നാണ്.
ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്റെ ആഭിമുഖ്യത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞത്. സിനിമാ പ്രദര്‍ശനത്തിന്റെ മറവില്‍ വിദ്വേഷ പ്രചാരണമാണ് ലക്ഷ്യമിടുന്നതെന്ന് അവര്‍ ആരോപിച്ചു. പ്രതിഷേധക്കാരും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ കൈയാങ്കളി നടന്നു. ഇരുവിഭാഗവും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്‌ക്രീനിനു മുന്നില്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ പ്രദര്‍ശനം തടഞ്ഞത്. വിവേകാനന്ദ വിചാര്‍ മഞ്ചിന്റെ പിന്നില്‍ എബിവിപി/ആര്‍എസ്എസ് ആണെന്നും ആര്‍എസ്എസിന്റെ വിഷലിപ്തമായ ലൗ ജിഹാദ് കെട്ടുകഥാ പ്രചാരണം അനുവദിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
സിനിമ വര്‍ഗീയവിഷം പരത്തുന്നതാണെന്നു ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഗീതാകുമാരി പറഞ്ഞു. തന്നെ എബിവിപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്റ് മൊഹിത് കുമാര്‍ പാണ്ഡെ ആരോപിച്ചു.

RELATED STORIES

Share it
Top